ഫിലിപ്പെ ജോഷ്വ ഒരു മനുഷ്യനാണ്

ഫിലിപ്പെ ജോഷ്വ ഒരു മനുഷ്യനാണ്

Sep 16, 2022

ഫിലിപ്പെ ജോഷ്വ ഒരു മനുഷ്യനാണ്. എണ്ണിയാല്‍ ഒടുങ്ങാത്ത അനേകായിരം മനുഷ്യര്‍ക്കിടയില്‍ തീര്‍ച്ചയായും ഇതൊരു പ്രസക്തമായ വസ്തുതയല്ല. എന്നാല്‍ താനൊരു മനുഷ്യനാണെന്ന് അയാള്‍ തിരിച്ചറിഞ്ഞ ആ ദിവസമാണ് അയാളുടെ കഥയെ വിത്യസ്തമാക്കുന്നത്. ഒരു ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന അയാള്‍ തികഞ്ഞ കാര്യബോധമുള്ള ഒരാളായിരുന്നു. തന്‍റെ ജോലിയിലെ ഉത്തരവാദിത്വങ്ങളെ കുറിച്ചും, ഒരു മകനായും സഹോദരനായും കുടുംബത്തിലെ തന്‍റെ കടമകളെ കുറിച്ചും അയാള്‍ക്ക് ഉത്തമ ബോധ്യമുണ്ടായിരുന്നു. അത്തരത്തില്‍ ക്രമപ്പെടുത്തിയെടുത്ത ഒരു ജീവിത ക്രമത്തിലൂടെ കടന്നു പോകുന്ന അയാള്‍ക്ക് ഇത്തരത്തിലുള്ള ചിന്തകളിലേക്ക് നയിക്കുന്ന ചോദ്യങ്ങളൊന്നും അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ല, അയാളെ അറിയുന്നവര്‍ക്ക് ഇനിയും ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുന്ന അന്നത്തെ ദിവത്തില്‍ ഒഴികെ.

 

അന്ന് ഒരു ചൊവ്വാഴ്ചയോ വ്യാഴാഴ്ചയോ ആയിരുന്നിരിക്കണം. നീണ്ട ദിവസങ്ങളിലെ ജോലി അയാളെ ക്ഷീണിതനാക്കിയിരുന്നു. പൊതുവെ ഊര്‍ജസ്വലനായിരുന്ന അയാള്‍ ജോലിയിലൊരിക്കലും അലസത കാണിച്ചിരുന്നില്ല. മാത്രവുമല്ല മറ്റ് ജോലികളിലുപരിയായി ഒരു ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരന് മുന്നില്‍ പ്രകടമായ ഉയര്‍ച്ചകളും ലക്ഷ്യങ്ങളും അയാളെ എന്നും പ്രചോദിപ്പിച്ചിരുന്നു. മുപ്പത്തഞ്ചിനോടടുത്ത് പ്രായമുള്ള അയാള്‍ക്ക് ഒരു ദശബ്ദത്തിനടുത്തായി തുടരുന്ന ജോലിയില്‍ ഒരിക്കല്‍ പോലും മടുപ്പും അനുഭവപ്പെട്ടിരുന്നില്ല. അതിനാല്‍ തന്നെയായിരിക്കണം കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി അയാളെ പിടികൂടുന്ന ക്ഷീണത്തെ അയാള്‍ അവഗണിച്ച് പോന്നിരുന്നതും.

 

അലാം മുഴങ്ങുന്ന ശബ്ദം കേട്ടുകൊണ്ടാണ് അയാള്‍ അന്നുണര്‍ന്നത്. പൊതുവേ സമയത്തില്‍ വലിയ കൃത്യത പുലര്‍ത്തിയിരുന്ന അയാള്‍ നേരത്തെ എഴുന്നേറ്റ് അലാം ഓഫ് ചെയ്തുകൊണ്ടാണ് തന്‍റെ ദിവസം ആരംഭിക്കാറുള്ളത്. അന്ന് പക്ഷേ അയാള്‍ക്കുണരാന്‍ അലാം മുഴങ്ങുന്ന ശബ്ദം കേള്‍ക്കേണ്ടതായി വന്നു. ഒരു തലവേദനയുടെ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടെങ്കിലും അത് ഉറക്കക്കുറവിന്‍റെതാകുമെന്ന ധാരണയില്‍ അയാള്‍ അവഗണിച്ചു. എങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ അനുഭവപ്പെട്ടിരുന്ന ക്ഷീണം ദീര്‍ഘ നിദ്രക്ക് ശേഷവും തന്നെ വിട്ടുമാറിയിട്ടില്ലെന്നത് അയാളെ അത്ഭുതപ്പെടുത്തതിരുന്നില്ല.

 

പ്രായമായ മാതാപിതാക്കളും ഇളയ സഹോദരനുമാണ് അയാളെ കൂടാതെ ആ വീട്ടില്‍ ഉണ്ടായിരുന്നത്. വിശ്രമ ജീവിതത്തിലേക്ക് പ്രവേശിച്ചിരുന്ന അയാളുടെ മാതാപിതാക്കള്‍ പാചകത്തിലും, ചെറിയ തോട്ടം നനക്കുന്നതിലും വ്യാപൃതരായിരുന്നു. കലാലയ വിദ്യാര്‍ഥിയായ സഹോദരനെ രാവിലെ അയാള്‍ കാണാറില്ല. താന്‍ ജോലിക്കു പോയതിന് ശേഷമാണ് സാധാരണ അവന്‍ ഉണരാറുള്ളത്. ചുമരില്‍ തൂക്കിയിരുന്ന ഘടികാരത്തിന്‍റെ സൂചികളുടെ ചലനം വീക്ഷിച്ചു കൊണ്ട് കുറച്ച് സമയം അയാള്‍ കട്ടിലില്‍ തന്നെ ഇരുന്നു. പിന്നെ പതിയെ എഴുന്നേറ്റ് ഓഫീസില്‍ പോകുന്നതിനുള്ള തയ്യാറെടുപ്പിലേക്ക് കടന്നു. കുളിച്ചുകൊണ്ടിരിക്കെ വെള്ളത്തിന് പതിവില്‍ കൂടുതല്‍ തണുപ്പ് അനുഭവപ്പെടുന്നതായി അയാള്‍ക്ക് തോന്നി. എങ്കിലും തീന്‍മേശയില്‍ എത്തുന്നത് വരെ ഒരു അസുഖത്തിന്‍റെ സാധ്യതയെ കുറിച്ച് അയാള്‍ പരിഗണിച്ചതേയില്ല.

 

മേശപ്പുറത്ത് തയ്യാറാക്കി അച്ചിരുന്ന ഭക്ഷണം അയാള്‍ തന്‍റെ മുന്നിലിരിക്കുന്ന പ്ലേറ്റില്‍ എടുത്തു വച്ചു. ഏറെക്കുറെ സാന്‍വിച്ച് എന്ന് വിളിക്കാവുന്ന തരത്തില്‍ തയ്യാറാക്കിയിരുന്ന ബ്രഡും ഓംലറ്റും അയാള്‍ പകുതിയെ കഴിച്ചുള്ളൂ. ഒരു രുചിക്കുറവ് അനുഭവപ്പെടുന്നുണ്ട്. പൊതുവെ ഭക്ഷണത്തില്‍ പ്രത്യേക താല്‍പര്യങ്ങളൊന്നും അവകാശപ്പെടാനില്ലാത്ത അയാള്‍ അപൂര്‍വ്വമായി മാത്രമാണ് രുചികളില്‍ നിരാശനാകാറുള്ളത്. അവയാകട്ടെ ഉപ്പിന്‍റെയോ മറ്റേതെങ്കിലും ചേരുവകളുടെയോ അസാധാരണമായ വിധത്തിലുള്ള ഉള്ളപ്പോളോ അല്ലെങ്കില്‍ പനിയോ മറ്റ് അനാരോഗ്യമോ അനുഭവപ്പെടുമ്പോളോ മാത്രമാണ് ഉണ്ടാകാറുള്ളത്. എന്നാല്‍ ഇവിടെയാകട്ടെ ജീവിതത്തിന്‍റെ ചേരുവകളില്‍ പ്രകടമായ വ്യതിയാനങ്ങള്‍ ഇല്ലാതിരുന്നിട്ടും അനുഭവങ്ങളില്‍ എന്തോ രുചിക്കുറവ് കടന്നുകൂടിയിരിക്കുന്നു.

 

ഓഫീസിലേക്കുള്ള മെട്രോ യാത്ര പകുതിയോളമായപ്പോളാണ് അയാള്‍ക്ക് ചെറിയ രീതിയില്‍ മരവിപ്പ് അനുഭവപ്പെട്ടു തുടങ്ങിയത്. ദീര്‍ഘനാളത്തെ വിദേശ പര്യടനത്തിന് ശേഷം നാട്ടില്‍ തിരിച്ചെത്തുമ്പോള്‍ അനുഭവപ്പെടുന്ന അപരിചിതത്വം പോലെ തനിക്കും ചുറ്റുപാടിനും ഇടയില്‍ ഒരു നേര്‍ത്ത പുകമറ ഉള്ളതുപോലെ അയാള്‍ക്ക് തോന്നി. സാധാരണ യാത്രയിലുടനീളം ജോലിയെക്കുറിച്ച് ചിന്തിക്കാറുള്ള അയാള്‍ അന്ന് ഒരുപക്ഷേ ആദ്യമായി തന്‍റെ ചുറ്റിലും നിരീക്ഷിക്കാന്‍ തുടങ്ങി. മനുഷ്യര്‍! തനിക്ക് ചുറ്റും ഇത്രയേറെ മനുഷ്യരുള്ളത് അയാള്‍ക്ക് അവിശ്വസനീയമായി തോന്നി. ഏറിയ പങ്കും ഫോണുകളിലോ ടാബുകളിലോ വ്യാപൃതരാണ്. അല്ലാത്തവര്‍ പൊതുവെ അക്ഷമരായി കാണപ്പെട്ടു. അല്ല, കൂട്ടത്തിലൊരു കൊച്ചു പെണ്‍കുട്ടി പുറത്തേക്ക് നോക്കി ഇരിക്കുന്നു. അവള്‍ ഇടക്ക് ചിരിക്കുന്നുണ്ട്. ഒരു നിമിഷത്തെ കൗതുകത്തില്‍ അയാള്‍ ആരോടെന്നില്ലാതെ വിളിച്ച് പറഞ്ഞു, “ആ കുട്ടിയെ നോക്കൂ.” അപ്പോള്‍ മാത്രമാണ് താന്‍ ഒറ്റക്കാണ് യാത്ര ചെയ്യുന്നതെന്ന ബോധ്യം അയാള്‍ക്കുണ്ടായത്. സൂക്ഷിച്ചു നോക്കവെ താന്‍ മാത്രമല്ല: കൂടുതല്‍ പേരും ഒറ്റക്കാണ് യാത്ര ചെയ്യുന്നത്. എന്തൊരു വിചിത്രം! ഇത്രയേറെ പേര്‍ ഒറ്റക്ക്! മനുഷ്യര്‍ ചെറിയ ഗോത്ര സമൂഹങ്ങളായി ജീവിച്ചിരുന്നപ്പോള്‍ ഇതുപോലെ ഒറ്റക്കാകാന്‍ സാധ്യത ഉണ്ടായിരുന്നിരിക്കില്ല എന്നയാള്‍ ചിന്തിച്ചു. ഇന്ന് ലോകം മുഴുവന്‍ ഒരു സമൂഹമാവുകയും വിദൂര സംവേദന സാങ്കേതിക വിദ്യകള്‍ ഉണ്ടാവുകയും ചെയ്തിട്ടും മനുഷ്യര്‍ കൂടുതല്‍ കൂടുതല്‍ ഒറ്റക്കാവുകയാണ് എന്നയാള്‍ക്ക് തോന്നി. മരവിപ്പ് കൂടി വരുന്നത് പോലെ., ചിന്തകള്‍ ഏതൊക്കെയോ വഴിക്ക് പോകുന്നു.

 

ഓഫീസില്‍ എത്തിയ ഉടനെ അയാള്‍ ഫയലുകള്‍ പരിശോധിക്കാന്‍ ആരംഭിച്ചു. വായ്പകളുടെ വിഭാഗത്തിലാണ് അയാള്‍ ജോലി ചെയ്യുന്നത്. തിരിച്ചടവ് മുടക്കിയവരുടെ ഫയലുകള്‍ പരിശോധിക്കാനുണ്ട്. അവ നോക്കിക്കൊണ്ടിരിക്കെ ദയനീയമായ ഒരു സാര്‍ വിളിയോടെ ഒരു മധ്യവയസ്കന്‍ അയാളുടെ മുന്നിലേക്ക് വന്നു. ഇന്നലെ വിളിച്ച ആരോ ആണ്; അവധി ചോദിക്കാന്‍ ആയിരിക്കണം. സാധാരണ സ്ഥാപനത്തിന്‍റെ പോളിസികള്‍ കര്‍ക്കശമായി അവതരിപ്പിച്ച് തിരിച്ചടവ് ആവശ്യപ്പെടാറുള്ളതാണ്. ഇന്ന് പക്ഷെ അതിനുള്ള ഊര്‍ജ്ജം ഇല്ലാത്തത് പോലെ. ആ മധ്യവയസ്കന്‍ പറയുന്നതു കേട്ടുകൊണ്ട് അഥവാ കേള്‍ക്കുന്നതായി നടിച്ചുകൊണ്ട് അയാളെ പോകാന്‍ അനുവദിച്ചു. പിന്നീട് വിളിക്കാമെന്നോ മറ്റോ പറഞ്ഞ് അയാള്‍ കസേരയില്‍ തല ചായ്ച്ചു. തല ചെറുതായി കറങ്ങുന്നത് പോലെയുണ്ട്. മുന്നിലിരിക്കുന്ന ബോട്ടിലില്‍ നിന്ന് അല്പം വെള്ളം കുടിച്ചതിന് ശേഷം അയാള്‍ വീണ്ടും ഫയലുകള്‍ എടുത്തു. ഒരു നീണ്ട ലിസ്റ്റ് തന്നെയുണ്ട്. ബിസിനസുകാര്‍ മുതല്‍ നേരത്തെ വന്ന മധ്യവയസ്കനെ പോലുള്ള അധസ്ഥിതര്‍ വരെ സമൂഹത്തിന്‍റെ എല്ലാ മേഖലകളില്‍ നിന്നുള്ളവരുമുണ്ട്. വായ്പകള്‍ എങ്ങനെയാണ് സമൂഹത്തില്‍ ഇത്ര സ്വാഭാവികമായി തീര്‍ന്നത് എന്നയാള്‍ അത്ഭുതപ്പെട്ടു. പണ്ട് കാലങ്ങളില്‍ ഇതുപോലെ വായ്പകള്‍ ഇല്ലായിരുന്നു എന്നല്ല. അത് പക്ഷെ ഇന്നത്തേത് പോലെ തിരിച്ചടവിന് ചെല്ലുമ്പോളും കടക്കാരനെ ‘സര്‍’ എന്ന് വിളിക്കുന്ന സ്ഥാപനങ്ങള്‍ ആയിരുന്നിരിക്കില്ല. മറിച്ച് പ്രകടമായ പലിശക്കാരായിരുന്നിരിക്കും. സര്‍ വിളികള്‍ ഇല്ലാത്ത പ്രത്യക്ഷമായ ഭീഷണിയുടെ അകമ്പടിയോടെ ആയിരുന്നിരിക്കണം തിരിച്ചടവ് മുടക്കിയവരെ നേരിട്ടിരുന്നത്. അതുകൊണ്ട് തന്നെ കടങ്ങള്‍ ഒന്നും ഇല്ലാതിരിക്കുന്നത് അക്കാലത്ത് ആത്മാഭിമാനത്തിന്‍റെ ഭാഗവുമായിരുന്നിരിക്കണം. ഇന്ന് പക്ഷെ വായ്പകള്‍ ജനനമുണ്ടെങ്കില്‍ മരണവുമുണ്ട് എന്നത് പോലെ ജീവിതമുണ്ടെങ്കില്‍ വായ്പകളുമുണ്ട് എന്ന തരത്തില്‍ സ്വാഭാവികമായിരിക്കുന്നു. വീട് നിര്‍മാണ ചിലവുകള്‍ പഠന ചിലവുകള്‍, പൊതുവേ ജീവിത ചിലവുകള്‍ കുതിച്ചുയര്‍ന്നത് വായ്പയുടെ സ്വാഭാവികവത്കരണത്തില്‍ നാം തിരിച്ചറിയാതെ പോകുകയാണോ? അയാള്‍ അല്പം കൂടി വെള്ളം എടുത്ത് കുടിച്ചു. തലവേദന കൂടുന്നുണ്ട്. കണ്ണുകളില്‍ ചൂട് അനുഭവപ്പെടുന്നത് പോലെ. അല്‍പസമയം കൂടി ഫയലുകള്‍ പരിശോധിച്ചപ്പോളേക്കും അയാള്‍ക്ക് തളര്‍ച്ച അനുഭവപ്പെട്ടു തുടങ്ങി. കാന്‍റീനില്‍ പോയി ഒരു കാപ്പി കുടിക്കാമെന്ന് അയാള്‍ കരുതി. ജോലി സമയത്ത് ഉണര്‍വ്വ് നിലനിര്‍ത്താന്‍ അയാള്‍ പതിവായി ചെയ്യാറുള്ളതാണ്.

 

കാന്‍റീനില്‍ അയാളെ കൂടാതെ വേറെയും ചിലര്‍ ഉള്ളതായി അയാള്‍ കണ്ടു. കുറച്ചു പേര്‍ അയാളെ പോലെ ഒറ്റക്കിരിക്കുന്നു. വേറെ ചിലര്‍ പരസ്പരം സംസാരിച്ചിരിക്കുന്നുണ്ട്. അവരും തന്നെപ്പോലെ തളര്‍ച്ച അനുഭവപ്പെട്ട് വന്നതായിരിക്കുമോ? അയാള്‍ കൗതുകത്തോടെ ചിന്തിച്ചു. ശാരീരിക അദ്ധ്വാനം ആവശ്യമില്ലാത്ത ജോലിയാണ്. എങ്കിലും മാനസിക സംഘര്‍ഷം ഉണ്ടാകാറുണ്ട്. പലപ്പോളും ജോലി സമയം കഴിഞ്ഞും സമയബന്ധിതമായി റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുന്നതിനായി പണിയെടുക്കേണ്ടി വരാറുണ്ട്. കോഫി നല്ലൊരു ആശ്രയമാണ്. ഇളംചൂട് കാപ്പി പതിയെ കുടിക്കവെ അടുത്ത ടേബിളിലെ സഹപ്രവര്‍ത്തകയെ അയാള്‍ ശ്രദ്ധിച്ചു. അവള്‍ ഒരു സെല്‍ഫി എടുക്കാന്‍ ശ്രമിക്കുകയാണ്. അതില്‍ അത്ഭുതമൊന്നുമില്ല. അവളൊരു കഫീന്‍ അഡിക്ടാണ്. വിത്യസ്തമായ കാപ്ഷനുകളോടെ അവള്‍ ഇന്‍സ്റ്റഗ്രാമില്‍ കാപ്പി ചിത്രങ്ങള്‍ പങ്കുവക്കുന്നത് പതിവാണ്. എന്തൊരു വിചിത്ര സ്വഭാവം! കാപ്പി കുടിക്കുന്നതില്‍ അഭിമാനിക്കുക! വര്‍ഗബോധമുള്ള തൊഴിലാളികളില്‍ നിന്ന് ജോലിഭാരത്തിനിടയില്‍ കാപ്പി കുടിക്കുന്നതില്‍ അഭിമാനിക്കുന്ന ആളുകളിലേക്ക് നമ്മള്‍ എങ്ങനെയായിരിക്കും എത്തിച്ചേര്‍ന്നത്. ഒരു നിമിഷം ടേബിളില്‍ തലവച്ച് യാള്‍ കിടന്നു. തലവേദന കുറയുന്നില്ല. തളര്‍ച്ച കൂടുന്നു. ഇന്ന് ലീവ് എടുക്കാം. അയാള്‍ പതിയെ എഴുന്നേറ്റു.

 

ലീവ് എടുത്ത് വീട്ടിലേക്ക് മടങ്ങുന്ന യാത്രക്കിടയില്‍ അയാള്‍ക്ക് വിറയല്‍ അനുഭവപ്പെട്ടു തുടങ്ങി. തണുക്കുന്നുണ്ട്. വീട്ടിലെത്തി പുതച്ച് മൂടി കിടക്കാം എന്നോര്‍ത്തപ്പോള്‍ അയാള്‍ക്ക് ആശ്വാസം തോന്നി. വാഹനത്തില്‍ രാവിലത്തെ അത്ര ആളുകളില്ല. പുറത്ത് തെരുവില്‍ ആളുകളെ കാണാം. ആളുകള്‍ മാത്രമല്ല; അവിടിവിടായി പക്ഷികളെയും മറ്റ് ചില ജീവികളെയും കാണാം. കൂട്ടത്തില്‍ ഒരു കാഴ്ച അയാളെ വല്ലാതെ ആകര്‍ഷിച്ചു. വിജനമായ ഒരിടത്ത് ഒരു മയില്‍ നൃത്തം ചെയ്യുന്നു. മനോഹരം. മയില്‍ നൃത്തം ചെയ്യുന്നത് ഇണയെ ആകര്‍ഷിക്കാനാണെന്ന് അയാള്‍ ഓര്‍ത്തു. ഒരു ഇണയെ ആകര്‍ഷിക്കാനുള്ള തന്‍റെ പരാജിത ശ്രമങ്ങള്‍ അയാളുടെ മനസ്സിലേക്ക് ഓടിയെത്തി. ഒരു നെടുവീര്‍പ്പോടെ അയാള്‍ ചിന്തിച്ചു. അവയുടെ ലോകം എത്ര ലളിതമാണ്. ചില ജീവികള്‍ നൃത്തം ചെയ്യുന്നു, ചിലര്‍ പാട്ട് പാടുന്നു, ചിലരാകട്ടെ കരുത്ത് പ്രദര്‍ശിപ്പിക്കുന്നു. എല്ലാറ്റിനുമപരി എന്താണ് ചെയ്യേണ്ടത് എന്ന് അവയ്ക്ക് അറിയാം. താന്‍ എന്താണ് പ്രദര്‍ശിപ്പിക്കേണ്ടത്? സമ്പത്താണോ, കരുത്താണോ, അതോ സ്നേഹമോ? ആണെങ്കില്‍ തന്നെ അത് എങ്ങനെ പ്രദര്‍ശിപ്പിക്കും? എല്ലാം സങ്കീര്‍ണമാണ്. സഹപ്രവര്‍ത്തകര്‍ സുഹൃത്തുക്കളാണ്, അതേ സമയം അവരോട് മല്‍സരിക്കുകയും വേണം. സ്നേഹവും, ഭയവും, കാമവും ക്രോധവുമെല്ലാം പരസ്പരം മലിനമാക്കപ്പെട്ടിരിക്കുന്നു. താന്‍ ചെയ്യുന്നതെല്ലാം വിരോധാഭാസമായി അയാള്‍ക്ക് തോന്നി. ചിന്തകള്‍ക്കിടയില്‍ എപ്പോളോ അയാള്‍ സ്വപ്നത്തിലേക്ക് വഴുതി വീഴാനും പിച്ചും പേയും പറയാനും തുടങ്ങിയിരുന്നു. അയാള്‍ നന്നായി വിറക്കുന്നുണ്ട്. കണ്ണുകള്‍ ചുവന്നിരിക്കുന്നു.

 

ഒരു മരത്തിന് ചുറ്റും കുറച്ച് കുരങ്ങന്‍മാര്‍ ഇരിക്കുന്നത് അയാള്‍ കണ്ടു. അവര്‍ അട്ടഹസിക്കുകയും ഉല്ലസിക്കുകയും ചെയ്യുന്നു. പെട്ടെന്ന് അല്പം മാറി ഒറ്റയ്ക്ക് ഒരു കുരങ്ങനിരിക്കുന്നത് അയാളുടെ ശ്രദ്ധയില്‍പ്പെട്ടു. അത് അസ്വസ്ഥനായും എന്തോ ചിന്തയില്‍ മുഴുകിയിരിക്കുന്നതായും കാണപ്പെട്ടു. അല്ല; അത് കുരങ്ങനാണോ? അതിന്‍റെ മുഖം തന്‍റേത് പോലെയുള്ളതായി അയാള്‍ക്ക് തോന്നി. “ജോഷ്വാ, ജോഷ്വാ.” അയാള്‍ കണ്ണുകള്‍ തുറന്നു. താന്‍ സ്വപ്നത്തിലായിരുന്നോ? ചുറ്റും ആളുകള്‍ കൂടി നില്‍ക്കുന്നു. കാഴ്ച മങ്ങിയത് പോലെ. എങ്കിലും കൂട്ടത്തില്‍ പരിചിതമായ മുഖങ്ങള്‍ അയാള്‍ തിരിച്ചറിഞ്ഞു. “ജോഷ്വാ, ജോഷ്വാ, എന്താണ് പറ്റിയത്? നിനക്ക് എന്താണ് പറ്റിയത്?” പരിചിതവും അപരിചിതവുമായ ശബ്ദങ്ങളില്‍ അയാള്‍ ആവര്‍ത്തിച്ച് കേട്ടു.

“എനിക്കോ? എനിക്ക് പറ്റിയതോ?” തളര്‍ച്ച കൊണ്ട് പതിഞ്ഞ ശബ്ദത്തില്‍ അയാള്‍ പറഞ്ഞു. “ഞാന്‍ ഒരു മനുഷ്യനാണ്.” അയാള്‍ പറഞ്ഞതില്‍ ശ്രാവ്യമായ അവസാന വാചകം അതായിരുന്നു.

Enjoy this post?

Buy Lalkrishna Sarkar a coffee

More from Lalkrishna Sarkar