ഏകാകിയുടെ ഒരു ദിനം

ഏകാകിയുടെ ഒരു ദിനം

Sep 23, 2022

കേവലം പത്തൊൻപത് വയസ്സ് മാത്രമാണ് പ്രായമെങ്കിലും ഒരു പത്തൻപത് വർഷങ്ങളുടെയെങ്കിലും ഭാരമുണ്ടാകും ബിൻഡയുടെ ഏകാന്തതക്ക്. ഇത് ഒരുപക്ഷെ അവളുടെ മാത്രം സവിശേഷതയായിരിക്കില്ല. മറിച്ച് ഏകാകികളുടെ ഒരു പൊതു നിയമമായേക്കാം. എന്തെന്നാൽ ഒരു സാധാരണ വ്യക്തിയുടെ ചിന്തകളെക്കാൾ എത്രയോ മടങ്ങാണ് ഒരു ഏകാകിയുടെ മനസ്സിലൂടെ ഓരോ ദിവസവും കടന്നുപോകുന്നത്. അവയിൽ തന്നെ ഏറിയ പങ്കും എവിടെയും പങ്കുവക്കപ്പെടാതെ അവരുടെ ഹൃദയത്തിൽ തന്നെ അടിഞ്ഞുകൂടുന്നു. വാസ്തവത്തിൽ ഒരാൾ എത്രപേരുമായി സംവദിക്കുന്നുണ്ട് എന്നതോ എത്ര സമയം മറ്റുള്ളവരുമായി സംവദിക്കുന്നുണ്ട് എന്നതോ അല്ല ഒരാൾ പേറുന്ന ഏകാന്തതയുടെ അളവുകോൽ. മറിച്ച് ഇത്തരത്തിൽ അടിഞ്ഞുകൂടിയ ചിന്തകളുടെ ഭാരമാണ് ഓരോരുത്തരുടെയും ഏകാന്തതയുടെ തീവ്രത നിശ്ചയിക്കുന്നത്. അത്തരത്തിൽ നോക്കിയാൽ ഏകാന്തതയുടെ ചെറിയ കഷണങ്ങൾ എങ്കിലും ഹൃദയത്തിൽ കൊണ്ടുനടക്കാത്ത ആരും തന്നെ ഈ ഭൂമുഖത്ത് ഉണ്ടാവുകയില്ല. എങ്കിലും ഒരു ഏകാകി എന്ന് വിളിക്കപ്പെടുന്നതിന് ഇത്തരം ചെറിയ കഷണങ്ങൾക്ക് ഉപരി ബിൻഡയെ പോലെ വലിയ ഭാരം തന്നെ ഹൃദയത്തിൽ വഹിക്കേണ്ടതുണ്ട്.


ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനി ആയിരുന്നു എങ്കിലും പ്രായത്തിൽ കവിഞ്ഞ പക്വത അവൾക്കുണ്ടെന്ന് പലരും പറയുമായിരുന്നു. അധികം സംസാരിക്കാത്ത പ്രകൃതം ആണെങ്കിലും മൂന്നോ നാലോ സുഹൃത്തുക്കളുമായി അവൾക്ക് വളരെ അടുപ്പമുണ്ടായിരുന്നു. പലപ്പോഴും കളിയും ചിരിയുമായി ഏതൊരു കൗമാരക്കാരിയെയും പോലെ അവളെയും കാണപ്പെടുമായിരുന്നു എങ്കിലും അത്തരം നിമിഷങ്ങൾക്കോ സുഹൃത്തുക്കളുമായി ഒത്തുചേരാമെന്ന പ്രതീക്ഷയിലോ അവൾ ഒരിക്കലും കോളേജിൽ പോയിട്ടില്ല. അന്നത്തെ ആ ദിവസത്തിൽ ഒഴികെ. ഏകാകിയുടെ ആ ഒരു ദിനത്തിൽ ഒഴികെ.


അന്ന് രാവിലെ ഉണർന്നത് മുതൽ തനിക്ക് ഇന്നലെ ലഭിച്ച പുതിയ സുഹൃത്തിനോട് സംസാരിക്കുന്നതായിരുന്നു അവളുടെ മനസ്സ് നിറയെ. മുമ്പൊന്നും ഇല്ലാത്ത ഉത്സാഹത്തോടെ കോളേജിലേക്ക് പോകുവാൻ തയ്യാറെടുക്കവെ കഴിഞ്ഞ ദിവസത്തെ സംഭാഷണം അവൾ ഓർത്തു. പൊതുവെ പുതിയ സൗഹൃദങ്ങളോട് അത്ര അടുത്ത് ഇടപഴകാത്ത അവൾ തീർത്തും യാദൃശ്ചികമായാണ് തന്റെ പുതിയ കൂട്ടുകാരിയോട് സംസാരിച്ചു തുടങ്ങിയത്. ഉച്ചഭക്ഷണത്തിന്റെ ഇടവേളയിൽ എല്ലാവരും ഭക്ഷണം കഴിച്ച് പുറത്തു പോയ സമയത്തായിരുന്നു അത്. സാധാരണ ദിവങ്ങളിൽ ഒരു പുസ്തകവുമായി ഇരിക്കുന്ന ബിൻഡയെ കൂടാതെ മറ്റാരും ആ സമയത്ത്‌ ക്ലാസ്സിൽ ഉണ്ടാകാറില്ല. വരാന്തകളിലോ കാമ്പസിലെ മരച്ചുവടുകളിലോ കൂട്ടംകൂടി ഇരിക്കുകയോ നടക്കുകയോ ആയിരിക്കും കൂടുതൽ പേരും. ചിലർ ഇടക്ക് ക്ലാസ്സിൽ വന്ന് പോവുകയും. എന്നാൽ ഇന്നലെ അവളെ കൂടാതെ നീതു എന്ന തനിക്ക് അത്ര അടുപ്പം ഇല്ലാതിരുന്ന ഒരു സഹപാഠിയും ക്ലാസ്സിൽ ഇരിക്കുന്നുണ്ടായിരുന്നു. ഒരുപക്ഷേ സവിശേഷമായൊന്നും സംഭവിക്കാനിടയില്ലാതിരുന്ന ആ സംഭാഷണത്തെ മറ്റൊരു തലത്തിലേക്കെത്തിച്ചത് 'എന്താണ് പതിവില്ലാതെ ഒറ്റക്കിരിക്കുന്നത്' എന്ന ബിൻഡയുടെ ചോദ്യത്തിന് നീതു നൽകിയ മറുപടിയാണ്. "ആൾക്കൂട്ടങ്ങളിലും നമ്മൾ തനിച്ചാണെന്ന തിരിച്ചറിവുകൾ പതിവാകുമ്പോൾ ആണല്ലോ ഇത്തരം പുതിയ ശീലങ്ങളിലേക്ക് നമ്മൾ എത്തിപ്പെടുന്നത്." തന്റെ ദുഃഖം മറച്ചുവെക്കാൻ ഒരു ശ്രമവും നടത്താതെയായിരുന്നു അവൾ ഈ മറുപടി നൽകിയതെങ്കിലും തുടർന്നങ്ങോട്ട് ദുഃഖത്തിന്റെ ലാഞ്ചന പോലും ഇരുവരുടെയും വാക്കുകളിൽ ഉണ്ടായിരുന്നില്ല. ഇത് വാസ്‌തവത്തിൽ ദുഃഖമില്ലായ്മക്കുപരി ദുഃഖത്തിന്റെ ഒരു സവിശേഷതയായിരിക്കാം. സന്തോഷം പങ്കുവെക്കുന്ന രണ്ടു ഹൃദയങ്ങളിൽ ഉണ്ടാകുന്നതിലും ആനന്ദം ദുഃഖം പങ്കുവെക്കുന്ന രണ്ടു ഹൃദയങ്ങളിൽ ആണല്ലോ ഉണ്ടാകുന്നത്!


ആകാശത്തിനിരുവശത്തുമുള്ള പലതിനെ കുറിച്ചും അവർ സംസാരിച്ചു. അടുത്തിടെ കോളേജിൽ വന്ന ജെൻഡർ ന്യൂട്രൽ യൂണിഫോം എന്തുകൊണ്ട് പൊതുവെ ആണ്കുട്ടികള് ധരിക്കുന്ന ഷർട്ട് ആയി എന്നതും, എന്തുകൊണ്ട് ചുരിദാറിനെ ജെൻഡർ ന്യൂട്രൽ ആയി കണ്ട് അത് ആണ്കുട്ടികളോട് ധരിക്കാൻ ആവശ്യപ്പെടുന്ന സാഹചര്യം ഉണ്ടായില്ല എന്നും; മനസ്സിന്റെ സ്ഥാനം ഹൃദയത്തിലാണോ തലച്ചോറിലാണോ എന്നും; അകന്നുകൊണ്ടിരിക്കുന്ന പ്രപഞ്ച നക്ഷത്രങ്ങൾ ഒരിക്കൽ കൂടിച്ചേർന്ന് മഹാതമോഗർത്തമാകുമോ എന്നും; അങ്ങനെയെങ്കില് ഈ പ്രപഞ്ചത്തിന് മുൻപ് എത്ര മഹാവിസ്ഫോടനങ്ങൾ ഉണ്ടായിരുന്നിരിക്കാം എന്നും; അങ്ങനെയെങ്കിൽ മുൻകാല പ്രപഞ്ചങ്ങളിൽ ജീവൻ ഉണ്ടായിരുന്നിരിക്കുമോ എന്നുമെല്ലാമുള്ള നിരവധി കൗതുകങ്ങൾ അവർ പങ്കുവച്ചു. ഇഷ്ടങ്ങളുടെ പങ്കുവക്കലുകൾ അല്ല; മറിച്ച് കൗതുകങ്ങളുടെ പങ്കുവക്കലുകളാണ് മനുഷ്യരെ കൂടുതൽ അടുപ്പിക്കുക എന്ന് അന്നേരം ബിൻഡക്ക് തോന്നി. 


അതുകൊണ്ടാണ് പിറ്റേന്ന് ക്ലാസ്സിൽ വന്നത് മുതൽ ലഞ്ച് ബ്രേക്കിനായി ബിൻഡ കാത്തിരുന്നത്. എന്നാൽ അവളുടെ നീണ്ട കാത്തിരിപ്പിനെ നിരർത്ഥകമാക്കിക്കൊണ്ട് അവളോടൊപ്പം അന്ന് നീതു ഉണ്ടായിരുന്നില്ല. മറ്റ് കൂട്ടുകാരോടൊപ്പം നീതു പുറത്ത് പോയിരുന്നു. പതിവുപോലെ പുസ്തകം കയ്യിലെടുത്ത് ഇരുന്നെങ്കിലും ബിൻഡക്ക് ഒന്നും വായിക്കാൻ കഴിഞ്ഞില്ല. ജീവിതത്തിൽ ദുഃഖങ്ങൾ ഉണ്ടായാൽ മാത്രമെ സുഖങ്ങൾ ആസ്വദിക്കാൻ കഴിയു എന്നതിന്റെ മറുവശം പോലെയായിരുന്നു അത്. ഏറിയ പങ്കും ദുഃഖത്തിൽ കഴിയുന്നവർക്ക് ഇത്തരത്തിൽ സന്തോഷങ്ങളുടെ ചെറിയ സന്ദർശനങ്ങൾ പിന്നീടുള്ള തങ്ങളുടെ ദുഃഖത്തിന്റെ ആഴം വർധിപ്പിക്കുകയാണ് ചെയ്യുന്നത്. 


ഇങ്ങനെ ചിന്തിച്ചിരിക്കെ ലഞ്ച് ബ്രെക്ക് കഴിയാൻ നേരം കൂട്ടുകാരുമൊത്ത് നീതു ക്ലാസ്സിൽ വരുന്നത് അവൾ കണ്ടു. ഒന്നുകിൽ പുതിയ സിനിമകളിലേതിലെയോ അല്ലെങ്കിൽ അവർ പുറത്ത് കണ്ടതോ ആയ ഒരു ചെറുപ്പക്കാരനെ കുറിച്ചുള്ള തമാശകൾ ആയിരുന്നു അവർ പറഞ്ഞുകൊണ്ടിരുന്നത്. അത് കേൾക്കെ താൻ ഇന്നലെ പറഞ്ഞ കാര്യങ്ങളെ ഓർത്തും തൻ്റെ ഹൃദയത്തിലെ ചിന്തകളെ പ്രദർശിപ്പിച്ചതിനെ ഓർത്തും അവൾക്ക് ലജ്ജ തോന്നി. വേണ്ട എന്നു കരുതിയെങ്കിലും "ഇന്നും നീ ഉണ്ടാകുമെന്ന് കരുതി" എന്ന് ഇടനേരത്തിൽ ഒരിക്കൽ അവൾ നീതുവിനോട് പറഞ്ഞു. തീർത്തും നിസാരമായാണ് നീതു അതിന് മറുപടി നൽകിയത്. "അത് ഇന്നലെ എനിക്കവരോട് ചെറിയൊരു സൗന്ദര്യ പിണക്കം ആയിരുന്നു; അതുകൊണ്ടാണ് ഞാൻ ഒറ്റക്കിരുന്നത്."


ഏകാകികളുടെ ജീവിതത്തിൽ ഇത്തരത്തിൽ നൈമിഷികമായ ദുഃഖം പേറുന്ന പലരും വന്നുപോകുമെന്നും; അത്തരം നിമിഷങ്ങളിലെ ആത്മബന്ധം തുടർന്ന് നിലനിൽക്കില്ലെന്നും അന്ന് കേവലം പത്തൊൻപത് വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന അവൾ മനസ്സിലാക്കിയിരുന്നിരിക്കില്ല. അതുകൊണ്ടായിരിക്കാം ഏകാകിയുടെ ആ ദിനത്തിനൊടുവിൽ വീട്ടിലേക്ക് മടങ്ങവെ വഴിയരികിൽ ഒറ്റക്കിരിക്കുന്ന കുട്ടിയെ കണ്ട് അവൾ നോക്കിനിന്നത്.

Enjoy this post?

Buy Lalkrishna Sarkar a coffee

More from Lalkrishna Sarkar