സാനിട്ടറി പാഡ് വാങ്ങാന്‍ പോയ പെണ്‍കുട്ട ...

സാനിട്ടറി പാഡ് വാങ്ങാന്‍ പോയ പെണ്‍കുട്ടി

Sep 29, 2022

ഒരു പെണ്‍കുട്ടി സാനിട്ടറി പാഡ് വാങ്ങാന്‍ പോകുന്നതില്‍ ഒരുപക്ഷേ പ്രത്യേകിച്ച് കഥയൊന്നുമുണ്ടായിരിക്കില്ല. അന്ന് പതിനേഴ് വയസ്സുള്ള ഹിബ സ്കൂള്‍ വിട്ട് കടയില്‍ പോയതും അവളുടെ ആദ്യ അനുഭവമായിരുന്നില്ല. എന്നിട്ടും ആ ദിവസത്തെ വിത്യസ്ഥമാക്കിയത് വേദനകളെക്കാളേറെ അവള്‍ അന്ന് കടന്നുപോയ ചിന്തകളാണ്.

 

യൗവനത്തിലേക്ക് പ്രവേശിക്കുന്ന ഏതൊരുവളെയും പോലെ ലോകത്തെ കുറിച്ചും ജീവിതത്തെ കുറിച്ചും ഒട്ടേറെ ചോദ്യങ്ങളും സംശയങ്ങളും അവള്‍ക്കുമുണ്ടായിരുന്നു. എങ്കിലും അവയില്‍ ഏറിയ പങ്കും അവളുടെ ഹൃദയത്തിന്‍റെ അറകളില്‍ മാത്രമാണ് മുഴങ്ങി കേള്‍ക്കാറുള്ളത്. ഒരുപക്ഷേ അവളുടെ മതനിന്ദാപരവും രാജ്യദ്രോഹകരവുമായ ചോദ്യങ്ങള്‍ക്ക് ചെറുപ്പത്തില്‍ ഏറെ അടി വാങ്ങിക്കൂട്ടിയത് കൊണ്ടാകാം പിന്നീടെപ്പോഴോ അവളുടെ സംശയഭാവങ്ങളെല്ലാം തമാശകള്‍ കൊണ്ട് പൊതിഞ്ഞ ചിരിക്കുന്ന മുഖത്തിന് പുറകില്‍  മറക്കപ്പെട്ടത്.  പക്ഷേ അന്ന് വൈകുന്നേരം സാനിട്ടറി പാഡ് വാങ്ങാന്‍ പോകുന്ന വഴിയില്‍ അവളുടേത് പതിവ് പോലെയുള്ള ചിരിക്കുന്ന മുഖമായിരുന്നില്ല. മറിച്ച് സകല പ്രപഞ്ച സംഹിതകളുടെയും ഭാരം ഒരു പുരാതന ഗ്രീക്ക് ചിന്തകന്‍റേത് എന്നത് പോലെ അവളുടെ മുഖത്ത് വ്യക്തമായി കാണാമായിരുന്നു.

 

സ്കൂളിലും മതപഠനശാലയിലും ഒരേ കാലത്ത് വിദ്യാര്‍ഥിനിയായ ഏതൊരു കൗമാരക്കാരിയെയും പോലെ ഏതാണ് ശരിയെന്ന ചിന്ത അവളെയും അലട്ടിയിരുന്നു.  എന്നാല്‍ അന്ന് ആദ്യമായി ഇവയൊന്നും ശരിയല്ലെന്നും താന്‍ അനുഭവിക്കുന്ന വേദന മാത്രമാണ് യാഥാര്‍ത്ഥ്യമെന്നും അവള്‍ക്ക് തോന്നി.

 

വേദനയുടെ നിമിഷങ്ങളിലൊന്നില്‍ തന്‍റെ വയറില്‍ കൈയ്യമര്‍ത്തിക്കൊണ്ട് ദൈവം എങ്ങനെയാണ് മനുഷ്യരെ, അഥവാ സ്ത്രീയെയും പുരുഷനെയും സൃഷ്ടിച്ചതെന്ന് മതപഠനശാലയില്‍ പറഞ്ഞിരുന്നത് അവള്‍ ഓര്‍ത്തു. എങ്ങനെയാണെന്നല്ല; മറിച്ച് എന്തിനാണെന്നാണ് അവള്‍ക്ക് ആ നിമിഷം അറിയേണ്ടിയിരുന്നത്. എന്തിനാണ് ദൈവം അന്തര്‍ലീനമായ വേദനകളോട് കൂടി സ്ത്രീയെ സൃഷ്ടിച്ചത്? കടുത്ത അനീതിയാണിത്. ഈ ലോകത്തിന്‍റെ പാപരക്തമെല്ലാം എന്തിനാണ് തങ്ങളിലൂടെ ഒഴുക്കുന്നത്?

 

ഇത്രനാള്‍ താന്‍ ഉത്തരമായി കണ്ടിരുന്ന ശാസ്ത്രം പോലും തന്‍റെ വേദനക്ക് മുന്നില്‍ അസംബന്ധമാകുന്നതായി അവള്‍ക്ക് തോന്നി. ശാസ്ത്ര ക്ലാസുകളില്‍ പരിണാമത്തെ കുറിച്ച് പറഞ്ഞതെല്ലാം കെട്ടുകഥകള്‍ ആയിരിക്കാമെന്ന് അവള്‍ ചിന്തിച്ചു. യുഗാന്തരങ്ങളായി മനുഷ്യര്‍ മറ്റ് ജീവികളുടെ മേല്‍ ആധിപത്യം സ്ഥാപിച്ചിരിക്കുന്നു. എന്നിട്ടും എന്തിനാണ് യൗവനത്തില്‍ ഉടനീളം പൊട്ടിയൊലിക്കുന്നതിന് മാത്രമായി തന്നില്‍ അണ്ഡം ഉല്‍പാദിക്കപ്പെടുന്നത്? ഒരു ആയുസ്സില്‍ രണ്ടോ മൂന്നോ അണ്ഡം മതിയെന്നിരിക്കെ സാഹചര്യത്തിനനുസരിച്ച പരിണാമം എന്താണ് തന്നില്‍ ഉണ്ടാകാത്തത്? നീലക്കുറിഞ്ഞി പോലും പന്ത്രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം പൂക്കുമ്പോള്‍ എന്തിനാണ് താന്‍ ഓരോ മാസവും പൂക്കുന്നത്?

 

വേദനയില്‍ ആളിക്കത്തിയ അമര്‍ഷം കെട്ടടങ്ങിയപ്പോള്‍ അവള്‍ വീണ്ടും ചിന്തകളില്‍ മുഴുകി. ഒരുപക്ഷെ ശാസ്ത്രത്തിന്‍റെ ഉത്തരങ്ങള്‍ ശരിയായിരിക്കാം; മറിച്ച് ചോദ്യങ്ങളായിരിക്കാം തെറ്റിപ്പോയത്. ചൊവ്വയിലോ മറ്റ് ഗ്രഹങ്ങളിലോ ജീവന്നുണ്ടാകുമോ എന്ന് കണ്ടെത്തുന്നതിനുള്ള വ്യഗ്രതയിലാണവര്‍. പക്ഷെ ഭൂമിയിലെ ജീവനെക്കുറിച്ച് അവര്‍ക്ക് എന്താണറിയുന്നത്? പരിണാമത്തിന്‍റെ ഏത് ഘട്ടത്തിലായിരിക്കാം ജീവിവര്‍ഗം ആണായും പെണ്ണായും വേര്‍തിരിഞ്ഞത്? അങ്ങനെയെങ്കില്‍ ഒരു വിഭാഗം ജീവകോശങ്ങള്‍ സ്വയം ത്യാഗം ഏറ്റെടുത്തതാകുമോ? ഒരുപക്ഷേ അന്ന് അവര്‍ക്ക് നല്‍കിയ വാക്കുകള്‍ പാലിക്കപ്പെട്ടിരിക്കുമോ? ചിന്തകളില്‍ മുഴുകി നടക്കെ അവള്‍ മന്ത്രിക്കുന്നുണ്ടായിരുന്നു; പെണ്ണുങ്ങളെ, നാം ഇനിയും ചോദ്യങ്ങള്‍ ചോദിക്കേണ്ടിയിരിക്കുന്നു.

Enjoy this post?

Buy Lalkrishna Sarkar a coffee

More from Lalkrishna Sarkar