മരക്കൊമ്പിലേക്ക് നാട്ടുകാരിപ്പക്ഷി പറന്നെത്തുന്നതിന്നു മുൻപുതന്നെ കടലമണികൾ വെക്കാൻ മധുരമീനാക്ഷി വൃത്തിയും വിസ്താരവുമുള്ള ഒരിടം കണ്ടെത്തിയിരുന്നു. വളർന്നു മുറ്റി പരസ്പ്പരം ശിഖരങ്ങൾ പിണഞ്ഞുപോയ രണ്ടു വൃക്ഷങ്ങളുടെ ഒന്നുചേർന്ന കവരത്തിലെ പൊടികളത്രയും മധുരമീനാക്ഷി ചിറകുവീശി പറത്തി. കാഴ്ച്ചക്കാരായി വന്ന ഉറുമ്പുകളോട് സ്വൽപ്പം വഴിമാറി നടക്കാൻ ശബ്ദിച്ചു. ഇവിടെ ഒരു മംഗളം നടക്കാൻ പോവുകയാണ്. ഒരമ്മയുടെ കഴിഞ്ഞകാല പുഞ്ചിരികളിലെ മൂടിവെച്ച പ്രകാശം ഗുരുവിന്റെ അനുഗ്രഹത്തോടെ തുറക്കാൻ ഒരുങ്ങുകയാണ്. സഹായിച്ചാലും....

ഉറുമ്പുകൾ പ്രാർത്ഥനയോടെ അവിടം നമിച്ചു. നാട്ടുകാരിപ്പക്ഷി കടലമണികൾ മധുരമീനാക്ഷിക്കു മുന്നിൽ ശ്രദ്ധാപൂർവ്വം വെച്ചു. ഒന്നുപോലും ഉടഞ്ഞിട്ടില്ല. ആകെ എഴെണ്ണം. മൂന്നെണ്ണത്തിന്റെ തോല് പൂർണ്ണമായും മണികളോട് ചേർന്നു നിൽക്കുന്നു. ഒരെണ്ണത്തിന് പുറംതോല് പാതിയെ ഉള്ളു. നിലത്ത് വെച്ചതും ഇളകിനിന്ന തോല് ഉടയാതെ ഉരിഞ്ഞു വീണു. ശേഷം മൂന്നും തൊലെല്ലാം പോയി പൂർണ്ണമായും വെള്ള.

ഉരിഞ്ഞു വീണ തോല് മധുരമീനാക്ഷി കൊത്തിയെടുത്ത് സൂര്യവെളിച്ചത്തിനു നേരെ ഉയർത്തി. മനസ്സ് ഏകാഗ്രമാക്കി കാറ്റിന്റെ സഞ്ചാരപഥത്തിലേക്ക് അതിനെ സാവകാശം തള്ളിവിട്ടു. അത് സഞ്ചരിക്കുന്നത് താഴെ കാവേരിഅമ്മയുടെ ചൈതന്യമണ്ഡലത്തിലേക്ക് തന്നെയാണ്. മിഴികൾ നിശ്ചലമാക്കി ആ സഞ്ചാരം പിൻതുടരവേ സ്പർശഫലം മനസ്സിൽ വ്യക്തമായതും മധുരമീനാക്ഷി ഉരുവിട്ടു.

"ആ അമ്മയുടെ മനസ്സിൽ എന്തൊരു തീയ്യാണ് എന്റീശ്വരാ.. "

മനസ്സ് വെന്തു നിന്ന നാട്ടുകാരിപ്പക്ഷി ഒന്നും പറഞ്ഞില്ല. മുന്നിൽ നിശ്ചലം കിടക്കുന്ന കടലമണികളിൽ ഓരോന്നിലും മധുരമീനാക്ഷി കൊക്ക് മുട്ടിച്ചു. ഒന്നോടൊന്ന് ചേർത്തുവെച്ചും കോണോടുകോൺ നീക്കിവെച്ചും പലവിധ രൂപങ്ങളുണ്ടാക്കി മനസ്സിൽ തെളിയുന്ന സത്യം സാവകാശം പറയാൻ തുടങ്ങി.

ആ അമ്മക്ക് ഈ കടലമണികൾ കൊടുത്തത് ഒരു മകനാണ്. എന്നാൽ ആ മകൻ ഈ അമ്മ പ്രസവിച്ച മകനല്ല. മറ്റാരുടെയോ മകൻ. ഈ കടലമണികൾ ആ അമ്മ സ്പർശിച്ചിട്ട് ഇന്നേക്ക് രണ്ട് സൂര്യോദയം കഴിഞ്ഞു.

നാട്ടുകാരിപ്പക്ഷി സംശയം ചോദിച്ചു.

"ആ രണ്ട് സൂര്യോദയങ്ങൾക്കും മുൻപ് ആ അമ്മക്ക് സ്വന്തം മകനിൽ നിന്നും കടലമണികൾ ഒന്നും കിട്ടിയിരുന്നില്ലേ..?"

"ഉപേക്ഷിച്ചു കഴിഞ്ഞ അഛനമ്മമാർക്ക് മക്കളാരും പിന്നീട് ഭക്ഷണം നൽകാറില്ല."

"പിന്നെ ഇതേത് മകൻ..?"

*സമസ്ത ജീവജാലങ്ങളിലും ഈശ്വരൻ ഉണ്ടെങ്കിലും ചിലരിൽ മാത്രമേ ആ ചൈതന്യം പ്രകാശിച്ചു നിൽക്കാറുള്ളു. അങ്ങിനെ പ്രകാശിച്ചു നിൽക്കുന്ന ഒരു മകൻ.*

ശരിയാണ്. നമ്മൾ പക്ഷികൾക്കും അത്തരം മക്കളെ ചിലപ്പോൾ കിട്ടാറുണ്ട്. മധുരമീനാക്ഷി സ്വന്തം മനസ്സു തുറന്നു.

"എന്റെ മക്കളിൽ രണ്ടുപേർ എനിക്കു പിറന്നതല്ല. നായാട്ടുകാരായ മനുഷ്യർ വെടിവെച്ചുകൊന്ന് അമ്മമാരെ ഭക്ഷിച്ചപ്പോൾ അനാഥരായി എന്നോടൊപ്പം വന്നു ചേർന്നതാണ്."

മരിച്ചുപോയ ആ അമ്മമാരെക്കുറിച്ച് നാട്ടുകാരിപ്പക്ഷി വേദനയോടെ ചിന്തിച്ചു.

"കൊല്ലുന്നതോ ഉപേക്ഷിക്കുന്നതോ പാപം..?"

രണ്ടും ഒരുപോലെ പാപമാണ്. ഒന്ന് മറ്റൊന്നിനേക്കാൾ ക്രൂരമാണെന്നു മാത്രം.

"അപ്പോൾ നമ്മൾ കീടങ്ങളെ തിന്നുന്നതോ..?"

രോഗത്തിൽ നിന്നും രക്ഷനേടാത്തതും മരിക്കാൻ ആഗ്രഹിക്കുന്നതുമായ കീടങ്ങളെ മാത്രമേ ഭക്ഷിക്കാവൂ എന്ന് കാക്കാല ശാസ്ത്രം പറയുന്നു. എന്നാലും നമുക്കെന്നല്ല ആർക്കും പാപത്തിൽ നിന്നും രക്ഷയില്ല. എല്ലാ പാപദോഷങ്ങൾക്കും പരിഹാരം ഉണ്ടുതാനും. നീ ഈ അമ്മയെക്കുറിച്ചു ചിന്തിക്കുന്നതുപോലും അത്തരത്തിലുള്ള ഒരു പാപപരിഹാരമാണ്. അതിന്റെ ഫലം നിനക്ക് കിട്ടും. എങ്കിലും തുടർന്നും നീയും ഞാനും എല്ലാം പാപം ചെയ്തുകൊണ്ടേയിരിക്കും.

നാട്ടുകാരിപ്പക്ഷിക്ക് എന്നിട്ടും സംശയം തീരുന്നില്ല.

"എന്തുകൊണ്ടാണ് സ്വന്തം മകൻ ഉപേക്ഷിക്കുന്നതും മറ്റൊരു മകൻ ആ അമ്മക്ക് കടലമണികൾ കൊടുക്കുന്നതും...?"

"ഒരു സന്തതി അചനമ്മമാരെ തിരിച്ചറിയുന്നില്ല. മറ്റൊരു സന്തതിക്ക് തിരിച്ചറിയാൻ അവർ സ്വന്തം അഛനമ്മമാർ തന്നെ ആകണമെന്നുമില്ല."

നാട്ടുകാരിപ്പക്ഷി തെല്ലിട മൗനിയായി കടലമണികളും നോക്കി ഇരുന്നു.

"ആ അമ്മ സ്പർശിച്ച ശേഷം ഈ കടലമണികൾ മറ്റാരും സ്പർശിച്ചിട്ടില്ലേ..?"

"അതാണ് വിചിത്രം. അമ്മ സ്പർശിച്ച ശേഷം ഇതുവരെ മറ്റാരും സ്പർശിച്ചിട്ടില്ല. പക്ഷെ ഈ കടലമണികൾ മറ്റാർക്കോ നൽകാനായി ആ അമ്മയുടെ മനസ്സ് നീ ഇത് കൊത്തിയെടുക്കുന്നതിന്നു മുൻപെ തുടിച്ചിട്ടുണ്ട്.."

നാട്ടുകാരിപ്പക്ഷി അമ്പരന്നു.

"അതാര്..?"

"അതെന്തായാലും നീയോ ഞാനോ ഈ മരക്കൂട്ടത്തിലുള്ള മറ്റേതെങ്കിലും പക്ഷിയോ ഒന്നുമല്ല. ആ അമ്മക്ക് പ്രിയപ്പെട്ട മറ്റാരോ ആണ്...."

നാട്ടുകാരിപ്പക്ഷിക്ക് എന്തെന്നില്ലാത്ത പ്രതീക്ഷ തോന്നി. ഉപേക്ഷിക്കപ്പെട്ട് കഴിയുമ്പോഴും അമ്മയുടെ മനസ്സ് ആരുടെയോ സാന്നിദ്ധ്യത്തിനായി തുടിക്കുന്നുണ്ട്. ആരാവും അത്.

"ഈ കടലമണികൾ നൽകിയ മകൻ ആ അമ്മയെ കാണുന്നത് സൂര്യാസ്തമയത്തിനു മുൻപാണെന്ന് ഏഴാമത്തെ കടലമണി സൂചിപ്പിക്കുന്നു."

"എവിടെവെച്ചാണ് കാണുന്നത്...?"

അഞ്ചും ഏഴും കടലമണികൾ ഒന്നിച്ചു ചേർത്ത് ഉരുട്ടി മധുരമീനാക്ഷി അവസാന ഫലവും പറഞ്ഞു.

"അമ്മ തേടിപ്പോവുകയല്ല. ആ മകൻ അമ്മയെ തേടിവരുകയാണ്.."

*പക്ഷെ അങ്ങിനൊരാളെ നമ്മൾ ഇതുവരെ കണ്ടിട്ടില്ല. നമ്മളെന്തേ ആ മകനെ കാണാഞ്ഞൂ..?!*

"ആ മകനെ ശ്രദ്ധിച്ചിട്ടില്ല എന്നു പറയൂ. ശ്രദ്ധിച്ചാൽ ഏത് മകനെയും കാണും."

നാട്ടുകാരിപ്പക്ഷി തെറ്റ് സമ്മതിച്ചു.
"നേരാണ്. ശ്രദ്ധിച്ചിട്ടില്ല. അതാണ് സത്യം.. "
ഫലം പറയാൻ പെറുക്കിയെടുത്ത കടലമണികൾ ഇനി എന്തു ചെയ്യും എന്നായി നാട്ടുകാരിപ്പക്ഷി.

*ഈ കടലമണികൾ ഉറുമ്പുകൾക്ക് അന്നപ്രാശമായി നൽകാം. ഇത് നമ്മളോ മറ്റു പക്ഷികളോ കഴിക്കരുത്. അവ കീടങ്ങളുടെ വിശപ്പു മാറ്റട്ടെ.*

കാലത്തിലേക്ക് മനസ്സു നീട്ടി കണ്ണടച്ച് മധുരമീനാക്ഷി തുടർന്നു.

*വീട്ടുമുറ്റത്ത് അരിപ്പൊടികോലം വരച്ച് ആ കാവേരിഅമ്മ എത്രയോ കീടങ്ങളുടെ വിശപ്പ് മാറ്റിയിരിക്കുന്നു. വീട്ടുമുറ്റത്ത് കോലം വരക്കുന്നത് ഭംഗിക്കു വേണ്ടിയല്ല. അതൊരു ഹവിസ്സാണ്. കീടങ്ങളുടെ വിശപ്പെന്ന അഗ്നിയിലേക്ക് മനുഷ്യൻ അർച്ചിക്കുന്ന ഹവിസ്സ്. പഴയ കാവേരി അമ്മമാർ അർച്ചിച്ചതെല്ലാം ശുദ്ധ അരിപ്പൊടിയായിരുന്നു. ഇന്നത്തെ സ്ഥിതി അതല്ല. അവരുടെ മക്കൾ അരിപ്പൊടിക്കു പകരം ഭക്ഷിക്കാൻ കഴിയാത്ത കൃത്രിമ പൊടികൊണ്ടാണ് കോലം വരക്കുന്നത്. അതെങ്ങാനും ഭക്ഷിച്ചാൽ കീടങ്ങൾ ചത്തു വീഴും. അന്നപ്രാശ സങ്കൽപ്പത്തിലൂടെ പല മനുഷ്യരും ഇപ്പോൾ കൊയ്യുന്നത് മഹാപാപമാണ്.*

അടുത്തെങ്ങോ സംഭവിച്ച ഒരു ദുരന്തം നാട്ടുകാരിപ്പക്ഷി ഓർത്തു.

"*കുറച്ചു മുൻപ് തീരെ മഴപെയ്യാത്ത കാലം. വിശന്ന് തളർന്ന് കുട്ടികൾ കൂട്ടിൽ കിടക്കുന്നു. ഒരു പഴംപോലും എവിടെയും കൊത്തിയെടുക്കാൻ ഇല്ല. അപ്പോഴാണ് ഒരു വീട്ടുമുറ്റത്ത് ഒരു സ്ത്രീ അരിപ്പൊടികൊണ്ട് ഭംഗിയുള്ള ചിത്രം വരക്കുന്നത് കണ്ടത്. വരച്ചു കഴിഞ്ഞ് അവർ മാറിയതും ആ ചിത്രത്തിൽ നിന്നും ഒരു കൊക്ക് നിറയെ അരിപ്പൊടി കൊത്തിയെടുത്ത് കൂട്ടിൽ കിടക്കുന്ന കുട്ടികളുടെ വായിൽ വെച്ചുകൊടുത്തു. അത് വിഴുങ്ങിയതും കുട്ടികൾ പിടക്കാൻ തുടങ്ങി. എന്റെ ദൈവമേ എങ്ങിനെയാണ് ചുറ്റുപാടും പറന്ന് ഇത്തിരീശ്ശെ വെള്ളം ഞാനെന്റെ കുഞ്ഞുങ്ങളുടെ കൊക്കിൽ ഉറ്റിച്ചതെന്ന് ഇപ്പോഴും എനിക്കറിയില്ല..*

പഴയ കാലത്തെ കാവേരിഅമ്മമാരുടെ വീട്ടുമുറ്റത്ത് നിന്നായിരുന്നു നീ അത് കൊത്തിയെടുത്തതെങ്കിൽ കുട്ടികൾ നല്ലപോലെ തടിച്ചു കൊഴുത്ത് വളർന്നേനെ. മാത്രമല്ല അവർ അത് തന്നെ വീണ്ടും ആവശ്യപ്പെട്ടേനെ. അരിപ്പൊടിയാണെന്ന് വിശ്വസിച്ച് നീ കൊത്തിയെടുത്തത് ഞാൻ പറഞ്ഞ കൃത്രിമപ്പൊടിയാണ്. അത് തിന്നാൽ നീയും ഞാനും എല്ലാം ചത്തുപോകും.

തെല്ലിട നിശ്ശബ്ദയായ നാട്ടുകാരിപ്പക്ഷിയുടെ ഭീതി അകറ്റാനായി മധുരമീനാക്ഷി വീണ്ടും കടലമണികളിലേക്ക് നോക്കി.

ഞാനൊരു സുഖമുള്ള കാര്യം പറയട്ടെ..?

"എന്താ അത്..?"

നാട്ടുകാരിപ്പക്ഷിയിൽ ആകാക്ഷ വിങ്ങി.

"കാവേരിഅമ്മ വരച്ചിരുന്ന പഴയ അരിപ്പൊടി കോലങ്ങൾക്കരികിൽ അന്ന് മൂന്നു കുഞ്ഞുങ്ങൾ നിന്നിരുന്നത് ഞാനിപ്പോൾ പെട്ടെന്ന് കണ്ടു. അതിലൊന്ന് പെൺകുഞ്ഞാണ്. എന്താ... അവളുടെ ഭംഗി..

"ദൈവമേ.. അപ്പോ ആ അമ്മക്ക് മൂന്നു കുഞ്ഞുങ്ങൾ ഉണ്ടോ..?"

"ഉണ്ട്.. "

"അവരെല്ലാം ഇപ്പോൾ വളർന്നു വലുതായി കാണില്ലേ. അഛനമ്മമാരെ തിരിച്ചറിയാവുന്ന പ്രായം തികഞ്ഞു കാണില്ലേ. എന്നിട്ടും ആ മക്കളെയൊന്നും എന്താ താഴെ കാണാത്തേ..?"

"കാണില്ല. താഴെ ഉള്ളവരെല്ലാം മക്കൾക്കോ അല്ലെങ്കിൽ അതുപോലുള്ളവർക്കോ തിരിച്ചറിയാൻ കഴിയാതെ ഉപേക്ഷിക്കപ്പെട്ട അഛനമ്മമാരല്ലേ.."

നാട്ടുകാരിപ്പക്ഷിയുടെ കണ്ണ് നിറഞ്ഞു.

"അപ്പോൾ ആ കുട്ടികളുടെ അഛനോ..?"

"അദ്ദേഹത്തെയും ഉപേക്ഷിച്ചിരിക്കാം"

"ഈ സമയം അദ്ദേഹം താഴെ ഉണ്ടായിരുന്നെങ്കിൽ ആ അമ്മക്കും അവരുടെ കുട്ടികളുടെ അഛനും പരസ്പരം ഒരാശ്വാസമാകുമായിരുന്നു. അല്ലേ..?"

മധുരമീനാക്ഷി പുഞ്ചിരിച്ചു.

"നീ ഇപ്പോൾ പറഞ്ഞ പരസ്പരം എന്ന ചിന്ത ഭൂരിഭാഗം മനുഷ്യരിലും പണ്ടുമുതലേ ഇല്ല. അപൂർവ്വം ചിലരിൽ മാത്രമേ അത്തരം പ്രകാശം ഉള്ളു. അവർ രാവും പകലും അത് തന്നെ മനനം ചെയ്തുകൊണ്ടിരിക്കും. അതുകൊണ്ടുമാത്രമാണ് ഇത്രയെങ്കിലും മനുഷ്യർ ഇപ്പോൾ ഈ ഭൂമിയിൽ അവശേഷിക്കുന്നതും.

സർവ്വമനുഷ്യർക്കും മോക്ഷം കിട്ടിയിരുന്നെങ്കിൽ അവരുടെ ഇത്തരം ദുഃഖങ്ങൾ ഇല്ലാതാകുമല്ലൊ എന്നൊരു ചിന്തയിൽ നാട്ടുകാരിപ്പക്ഷി കാര്യമായിത്തന്നെ മധുരമീനാക്ഷിയോട് ചോദിച്ചു.

"മനുഷ്യർ ഇല്ലാത്ത ഒരു ലോകത്തിൽ നമ്മൾ പക്ഷിമൃഗാദികൾക്ക് സന്തോഷത്തോടെ കഴിയാൻ സാധിക്കുമോ..?"

*ഒരിക്കലുമില്ല. മനുഷ്യൻ ഇല്ലെങ്കിൽ ജീവജാലങ്ങളിൽ ഒന്നിനുപോലും പൂർണ്ണതയിലേക്കുള്ള പ്രയാണം ഉണ്ടാവില്ല. അതെ സമയം മനുഷ്യനെന്നല്ല ഒരു ജീവജാലവും ഈ പ്രപഞ്ചത്തിൽ പൂർണ്ണതയിൽ എത്തുന്നുമില്ല.*

പൂർണ്ണമായും ഗ്രഹിക്കാൻ കഴിയാത്ത ഒരു നുള്ളു പ്രകാശം മനസ്സിൽ വീണുകിട്ടിയ വാത്സല്ല്യത്തോടെ നാട്ടുകാരിപ്പക്ഷിയും അത് ശരിവെച്ചു.

*ശരിയാണ് മധുരമീനാക്ഷീ നീ പറയുന്നത്. ഈ മനുഷ്യരെന്ന് സ്വയം വിശേഷിപ്പിക്കുന്ന ജീവികളും പാവങ്ങളാണ്. അർത്ഥമോ ലക്ഷ്യമോ ഇല്ലാതെ കാണിച്ചു കൂട്ടുന്ന ബഹളങ്ങളും അഹങ്കാരവും മാത്രമേ മനുഷ്യർക്കുള്ളു. പ്രകൃതി ഒന്ന് ഇളകി നിന്നാൽ സ്തംഭിച്ചു നിൽക്കുന്ന വെറും കീടങ്ങളാണ് അവ. മനുഷ്യനൊഴികെ മറ്റെല്ലാ ജീവികൾക്കും പ്രകൃതിയുമായി ഒരു ഇണക്കമുണ്ട്. ബന്ധനത്തിലല്ലാത്ത ഒരു മൃഗംപോലും പ്രകൃതി അഴിഞ്ഞാടുമ്പോൾ ഭയപ്പെടുന്നില്ലെന്ന് ഈ പാവങ്ങൾ

അറിയുന്നില്ല. അതുകൊണ്ടുതന്നെ നമുക്കവരോട് ക്ഷമിക്കാം അല്ലേ..?*

" ക്ഷമിക്കാം."

മധുരമീനാക്ഷിക്ക് നാട്ടുകാരിപ്പക്ഷിയോട് ബഹുമാനം തോന്നി. ഇവളുടെ മനസ്സിന് ഇവളുടെ ചിറകുകളേക്കാൾ ഉയരത്തിൽ പറക്കാൻ കഴിയുന്നത് എത്ര വലിയ ഭാഗ്യമാണ്.നാട്ടുകാരിപ്പക്ഷി പ്രതീക്ഷയോടെ ചോദിച്ചു.

"കാവേരി അമ്മയുടെ കുട്ടികളുടെ അഛൻ താഴെ അവർക്കൊപ്പം ഉണ്ടാകുമോ.."

"ഇല്ല. അദ്ദേഹത്തിന്റെ സ്പർശമോ ഗന്ധമോ താഴെ ഒരു മണൽത്തരിപോലും വഹിക്കുന്നില്ല."

"അപ്പോൾ കാവേരി അമ്മ തനിച്ചാണ്.."

"കാവേരിഅമ്മ എന്നല്ല താഴെ ഉള്ള സർവ്വരും തനിച്ചാണ്."

ഒറ്റപ്പെട്ട നിസ്സഹായതയോടെ നാട്ടുകാരിപ്പക്ഷി ചോദിച്ചു.

"ഇനി നമ്മൾ എന്തു ചെയ്യും...?"

"നീ എന്ത് ചെയ്യാൻ ആഗ്രഹിക്കുന്നുവോ, അത് ചെയ്യുക."

മധുരമീനാക്ഷിയുടെ വർത്തമാനം കേൾക്കേ നാട്ടുകാരിപ്പക്ഷിക്ക് സന്തോഷം തോന്നി. ഈ മധുരമീനാക്ഷി ദിവ്യയാണ്. ഒരു ദിവ്യമനസ്സിന്റെ പിൻബലം ഉണ്ടെങ്കിൽ ഏത് ജീവജാലത്തിനും പല നന്മകളും ചെയ്യാൻ കഴിയും. ഇവൾക്കിവിടം സന്ദർശിക്കാൻ തോന്നിയത് ആരോ ചെയ്ത സുകൃതം. ഇവൾ പറന്നകന്നാൽ ഇനി ഒന്നും സാധിച്ചെന്നു വരില്ല. എത്രയും വേഗം കാവേരിഅമ്മ ഒന്നു പുഞ്ചിരിച്ചു കാണണം. സമസ്ത ദുഃഖങ്ങളാൽ ഉരുകി ഉണങ്ങിയ ആ കൃഷ്ണമണി ഒന്നു പ്രകാശിച്ചു കാണണം.

ഇരു ചിറകും വെൺചാമരംപോലെ വിടർത്തി എഴുന്നേറ്റ് കഴുത്ത് വളച്ച് ചുണ്ട് നിലത്ത് മുട്ടിച്ച് നാട്ടുകാരിപ്പക്ഷി മധുരമീനാക്ഷിയെ വണങ്ങി.

"ഈ സമയം മുതൽ താഴെ ഉള്ള അഛനമ്മാരെ ഈ മരക്കൂട്ടത്തിലെ പക്ഷികൾ എന്നിലൂടെ ദത്തെടുത്തിരിക്കുന്നു. എത്രയും വേഗം അവരിലേക്ക് ഇല്ലാതായ പ്രസരിപ്പ് തിരിച്ചുകൊണ്ടുവരണം. ആദ്യം നമുക്കാ മകനെ കണ്ടുപിടിക്കണം."

മധുരമീനാക്ഷി നാട്ടുകാരിപ്പക്ഷിയെ ആശീർവദിച്ചുകൊണ്ട് ചോദിച്ചു..

"ഏത് മകനെ..?"

*ഈ കടലമണികൾ കാവേരിഅമ്മക്ക് നൽകിയ മകനെ. കാവേരിഅമ്മയുടെ കടലമണി മകനെ..*

(തുടരും)