Short story in Malayalam: That baby stol ...

Short story in Malayalam: That baby stole Johnson

Jun 14, 2021

ആ കുഞ്ഞ് ജോൺസനെ കട്ടു


പറഞ്ഞുകേട്ടാലും നേരിട്ട് കണ്ടാലും ആരും വിശ്വസിക്കില്ല. പക്ഷേ, വിശ്വസിക്കാതിരിക്കാൻ വയ്യ. ജോൺസണുപോലും. തികഞ്ഞ ഈശ്വര വിശ്വാസിയാണ് ജോൺസൻ. പേരു കൊണ്ട് ക്രിസ്ത്യാനിയാണെങ്കിലും മനസ്സുകൊണ്ട് ഐശ്വര്യമുള്ള ഒരു പച്ച മനുഷ്യൻ. മുപ്പത്തിനാല് വയസ്സായെങ്കിലും വിവാഹം കഴിച്ചിട്ടില്ല. ഒത്ത ആരോഗ്യം. വളർന്നു പൂക്കേണ്ട കാലമായിട്ടും പൂക്കാത്ത പൂമരം. ആകെ ഒരു കിളിയെ പൂമരച്ചില്ല തേടി വന്നിരുന്നുള്ളൂ. കുറച്ചുകാലം അവിടെ പറന്നു കളിച്ച്, വിടരാറായ ഒന്നു രണ്ട് മൊട്ടുകളും കൊത്തി നിലത്തിട്ട്, അതതിന്റെ പാട്ടിനങ്ങ് പോവുകയും ചെയ്തു.

ജോൺസന് ആ നഷ്ടബോധമുണ്ട്. ഒഴിവുസമയങ്ങളിലും, ഒറ്റക്കിരിക്കുമ്പോഴും, ഉറങ്ങുന്നതിനുമുമ്പ് സ്വൽപ്പം മദ്യപിക്കുമ്പോഴും ഇടയ്ക്കിടെ കാതോർക്കാൻ ഒരു കിളിമൊഴിപോലെ അതയാൾ എന്നും കൂടെ കൊണ്ടുനടക്കുന്നു.

കൈനീട്ടി അടുത്തു വിളിച്ച്; കാണിച്ചു രസിപ്പിച്ച്, എന്താ വേണോ എന്നു ചോദിച്ച്, വേണം എന്നു പറഞ്ഞപ്പോൾ ധൃതിയിൽ തിരികെയെടുത്തു ദൈവം പറ്റിച്ചുകളഞ്ഞ ഒരു കൈനീട്ടം. പിന്നീട് ഒരു കിളിയും പറന്നു വന്നിട്ടില്ല. ദൈവത്തിന് അസൂയയാണ്.

കാരണം, ജോൺസൻ ദൈവത്തെക്കാൾ സുന്ദരനാണ്. ദൈവത്തിൻറെ സൗന്ദര്യം പറഞ്ഞു കേട്ടതല്ലാതെ നേരിട്ടുവന്ന് കാണിച്ചിട്ടില്ലല്ലോ. ജോൺസൻ അങ്ങനെയല്ല. അയാൾ നമ്മുടെ മുമ്പിൽത്തന്നെയുണ്ട്. ഇവിടെ.

സൗന്ദര്യത്തിന് സ്വൽപ്പം അഭംഗി വരുത്തനാണ് ജോൺസൻ ഒരു കൊച്ചു താടി വച്ചത്. പക്ഷേ, അത് കിരീടത്തിലെ ഒരു തൂവലയായി മാറി.

വെളുത്ത വസ്ത്രമാണ് ജോൺസന് ഏറ്റവും ഇഷ്ടം. രണ്ടേ രണ്ടു പെങ്ങളേ ഉള്ളൂ. ഒന്നു മുകളിൽ ഒന്നു താഴെ, രണ്ടു പേർക്കും ഓരോ കുട്ടികൾ, ഒരാണും ഒരു പെണ്ണും. സ്വന്തം വീടാണ് ജോൺസന് ദൈവം പറിച്ചു കൊടുത്ത ഒരേ ഒരു സ്വർഗ്ഗം. പുഴക്കരയിലെ വീടും, നിത്യവും പള്ളിയിൽ പോകുന്ന അമ്മച്ചിയും. അധികാരം കാണിക്കുന്ന ചേച്ചിയും, അത്യാവശ്യം വ്യക്തിപരമായ കാര്യങ്ങളിൽ തലയിടുന്ന അനിയത്തിയും. നേരത്തെ സ്വർഗ്ഗത്തേക്കു പോയ അപ്പച്ചൻറെ പിയാനോയും, മുറ്റത്തെ കൊച്ചു തോട്ടത്തിലെ പുളിമരത്തണലും, ഒരു ബിസ്‌കറ്റു പൊതിയും.പിന്നെ, ചേച്ചിക്കും അനിയത്തിക്കും ആകെ കിട്ടിയ രണ്ട് മാലാഖ കുഞ്ഞുങ്ങളും. ജോൺസന്റെ അവധിദിവസങ്ങൾ ഏതൊരു സമ്പന്നനും അസൂയ തോന്നും വിധം സുന്ദരമാണ്.

എന്നാലും, ജോൺസന് ചെറിയൊരു ദു:ഖമുണ്ട്. അതില്ലെങ്കിൽ ജോൺസൻ ജോൺസനല്ലല്ലോ. ആ ദു:ഖമെന്താണെന്ന് വ്യക്തമായി ജോൺസനും അറിയില്ല. ഉള്ളിന്റെയുള്ളിന്റെയുള്ളിൽ എവിടെയോ ഒരു കരിന്തിരി കത്തുന്നു. അതിന്റെ പുക ഇന്ദ്രിയങ്ങളെ പൊള്ളിക്കുന്നു. ഉറങ്ങാത്തപ്പോഴും വരുന്ന സ്വപ്നത്തിന്റെ ഇടവേളകളിൽ അറിയാതെ കണ്ണു നനയിക്കുന്നു. പാവം ജോൺസൻ.

അത്തരം ഒരു ദു:ഖം അറിയാതെ വന്ന് ഇന്ദ്രിയം കൊത്തിയപ്പോഴാണ് ജോൺസന് ഒന്നു വീട്‌വരെ പോകാൻ തോന്നിയത്. അമ്മച്ചി ഫോണിൽ വിളിച്ചു. പെങ്ങൾമാരും അവരുടെ കുട്ടികളും ഒരു ഉല്ലാസ യാത്രയ്ക്കു പോകുന്നു. ഞാനിവിടെ തനിച്ചാവും. മോൻകൂടി വന്നാൽ ഒരു കൂട്ടായി. ഒരു ദിവസമെങ്കിൽ ഒരു ദിവസം കൂടി നിന്നെ അടുത്തു കിട്ടിയ സന്തോഷത്തോടെ എനിക്ക് അന്ത്യകൂദാശക്ക് മലർന്നു കിടക്കാലോ. അതിമോഹത്തിന് പരിഹാരമായി കർത്താവിന് ഒരു മെഴുകുതിരി കൊടുക്കാം. അതും നല്ലൊരെണ്ണം മോൻ വാങ്ങണം. ഇളം ചുവപ്പു നിറമുള്ളത്.

മാലാഖ കുഞ്ഞുങ്ങൾ രണ്ടും വീട്ടിലുണ്ടാവില്ലെന്നറിഞ്ഞപ്പോൾ ജോൺസന് വിഷമം തോന്നി. കരിന്തിരി ഒന്നുകൂടി ആളിയപോലെ. പുളിമരത്തിലെ ഊഞ്ഞാലുകളിൽ രണ്ടെണ്ണവും ആടാതെ കിടക്കും. ബിസ്‌ക്കറ്റ് പൊതിയിലെ ബിസ്‌ക്കറ്റെല്ലാം ആര് പൊട്ടിച്ച് പക്ഷികൾക്കെറിഞ്ഞു കൊടുക്കും.

പോവണോ എന്നു ചിന്തിച്ചു.
പിന്നെ, അങ്ങനെ ചിന്തിച്ചതിന് സ്വയം ശാസിച്ചു.

സന്ധ്യയ്ക്കുമുമ്പു പുറപ്പെടുന്ന തീവണ്ടിയിൽ പൊതുവെ നല്ല തിരക്കാണ്. സോപ്പ് പതയുന്ന പോലെയാണ് ആളുകളുടെ പുളച്ചിൽ. ആകാശത്തു നിന്നും നോക്കിയാൽ അഴുക്കുള്ള ജലത്തിൽ കീടങ്ങളെപ്പോലെ പരസ്പരം ഒരു നന്മയും കാണിക്കാതെ, സ്വന്തം വിശപ്പും ദാഹവും ക്ഷീണവും മാത്രം മുന്നിൽക്കണ്ട് അവരങ്ങനെ പൊരുതും.

ജോൺസന് ആൾക്കൂട്ടത്തോട് പൊതുവെ അറപ്പാണ്. ഉള്ളിൽപ്പെട്ടാൽ മുന്നിലും പിന്നിലും കുത്താണ്. മലർന്നടിച്ചു വീണാൽ ചവിട്ടി ഒരു പോക്കാണ്. വീഴുന്നത് സ്വന്തം അമ്മയായാലും അമൃതം തന്ന മൊട്ടു തന്നെ അവർ ചവിട്ടിയരയ്ക്കും. നിലനിൽപ്പു വരുമ്പോൾ പിശാച് വിളക്കു കാണിക്കും. ദൈവം വരെ കരിന്തിരി കത്താതിരിക്കാൻ പിറകിൽ നിന്നും എണ്ണ പകരും.

തിരക്കിൽ നിന്നും ഒഴിഞ്ഞ് ജോൺസൻ ഒരു എയർകണ്ടീഷൻഡ് ചെയർകാർ ടിക്കറ്റിന് ക്യൂ നിന്നു.

ഒരു കപ്പ് ഇളം ചൂടുള്ള പാൽ കുടിച്ച്, മറിച്ചു നോക്കാൻ ഒരു മാസിക വാങ്ങി. പാന്റിന്റെ കീശയിലെ പഴയ ബസ്സ് ടിക്കറ്റെടുത്ത് ചുരുട്ടിയെറിഞ്ഞ്, ആ ബസ്സിൽ കണ്ടിരുന്ന ഒരു പെൺകുട്ടിയുടെ കഴുത്തിലെ കുരിശുമാല ഓർത്തുകൊണ്ട് അയാൾ കമ്പാർട്ട്‌മെന്റിനു നേരെ നടന്നു.

വരിവരിയായി സെമിത്തേരി കല്ലുകളെ അനുസ്മരിപ്പിക്കും വിധമാണ് സീറ്റുകൾ. സീറ്റു കിട്ടാത്ത ഒരാൾ കയറി വന്നല്ലോ എന്നൊരു ഉൾക്കുളിരോടെ അവരിൽ ചിലർ ജോൺസനെ നോക്കി. അവസാന സീറ്റും എണ്ണിത്തീരവെ അയാൾക്ക് വല്ലായ്മ തോന്നി. തനിക്കായി ഒരു കല്ലറ വെട്ടണമെങ്കിൽ മറ്റൊരാളുടേത് പൊളിക്കേണ്ടിവരും. അല്ലെങ്കിൽ സ്വർഗ്ഗം എത്തിയെന്നറിഞ്ഞ് അയാൾ എഴുന്നേറ്റു പോകും വരെ കുരിശും കൈയിൽ പിടിച്ച് നിൽക്കണം.

ഒരു സീറ്റിന്റെ മാത്രം കുറവ്.

ജോൺസൻ പെട്ടിയും തൂക്കി നിശ്ശബ്ദം നിന്നു. പിന്നെ ഒരു സീറ്റിന്റെ വക്കിൽ ചെറുതായി ചാരി ചുറ്റും നോക്കി. പെട്ടി അരികിൽത്തന്നെ വയ്ക്കുന്നതാവും ഭംഗി. മുന്നിൽ ഇരിക്കുന്നവനോട് എവിടെ ഇറങ്ങുന്നുവെന്ന് ഒന്നന്വേഷിച്ചാലോ. വഴിയിലെങ്ങാനും അയാൾ ഇറങ്ങുമെങ്കിൽ അതൊരു പ്രതീക്ഷയായി നില്ക്കും.

ചോദിക്കാനാഞ്ഞു.
പിന്നെ വേണ്ടെന്നുവച്ചു.
വെറുതെയെന്തിനാ മറ്റൊരുത്തന്റെ മുറിയിലേക്ക് എത്തി നോക്കുന്നത്. തികച്ചും അന്യമായ ഒരു ലോകമാവും അത്. തനിയ്ക്ക് ഒരു വികാരവും തോന്നാത്ത ലോകം.

അരികെ സീറ്റിൽ രണ്ടു പെൺകുട്ടികളും അമ്മയുമാണ്. ഇംഗ്ലീഷ് മാസിക നിവർത്തി പിടിച്ച് വായിക്കുന്നുവെന്ന നാട്യത്തിൽ അവർ ശ്രദ്ധിച്ചിരുന്നു. നോട്ടത്തിൽ സ്വൽപ്പം പതറിച്ചയും വിഷമവും പ്രസരിക്കുന്നുണ്ട്. പെൺകുട്ടികൾ രണ്ടും ചെറുതാണ്. ഒരാൾക്ക് ആറു വയസ്സുവരും. ഒരാൾക്ക് നാലു കഴിഞ്ഞുകാണും.
തീർച്ച.

ആറുവയസ്സുകാരിയാണ് തന്റെ തൊട്ടടുത്ത്. നാലുവയസ്സുകാരിക്ക് വന്ന നിമിഷം മതൽ ഒരു ഗ്യാലറിയിൽ കയറിയ അമ്പരപ്പാണ്.

വീണ്ടും നോക്കിയപ്പോൾ ജോൺസൻ അമ്മയോടൊന്ന് ചിരിച്ചു. അവർ ചിരിച്ചില്ല. പെട്ടെന്ന് ചിരിയെടുത്തപോലെ ചുണ്ടൊന്ന് പതറി. കീഴ്ചുണ്ടിലെ ലിപ്സ്റ്റിക്കിന്റെ തിളക്കത്തിൽ പല്ലിന്റെ വെണ്മ ഒന്നു പ്രതിഫലിച്ചപോലെ. കൈയില്ലാത്ത ബ്ലൗസിലേക്ക് ഒരു തിര വീഴുംപോലെ സാരി ഈർന്നു. വലിയ നെറ്റിയിലെ വലിയ പൊട്ട് പറിച്ചെടുക്കാൻ വന്ന നാലുവയസ്സുകാരിയെ, സീറ്റിൽ നിന്നും ഇറങ്ങരുതെന്ന് ശാസിച്ചുകൊണ്ട് അവർ പിടിച്ചിരുത്തി. ഇരിക്കുന്ന സീറ്റ് പിന്നോട്ടു മലർത്തി, ഒന്നു വിശാലമായി ഇരിക്കാനുള്ള തയ്യാറെടുപ്പിൽ, സീറ്റിൽ നിന്നും ദേഹം മാറ്റാനായി ആറുവയസ്സുകാരി അയാളുടെ കൈയിൽ തൊട്ടു.

ജോൺസൻ തന്നെ സീറ്റു നിവർത്തിക്കൊടുത്തു. തെല്ലൊരധികാരത്തോടെ സ്ത്രീയും അവരെ സഹായിക്കേ, കൈമാറ്റിയ ജോൺസന്റെ കൈയിലെ മാസിക നാലുവയസ്സുകാരി പതുക്കെ വലിച്ചെടുത്തു. അവർക്ക് കോപം വന്നു.
'അതങ്ങ് കൊടുക്ക്.'
'ഏയ്.......വേണ്ട. അവൾ കളിച്ചോട്ടെ.'
'അവളത് കീറും.'

കീറിയാൽ ലോകം പൊട്ടിത്തെറിക്ക്യോ എന്നു ചേദിക്കാനാണ് ജോൺസനു തോന്നിയത്. രണ്ട് മാലാഖക്കുഞ്ഞുങ്ങളുണ്ട് എന്റെ വീട്ടിൽ. അവർ കടലാസ്സു കീറുന്നത് കണ്ടിട്ടുണ്ടോ. ഞാനതു നോക്കി നിൽക്കാറുണ്ട്. നശിപ്പിക്കലിന്റെ ഒരു സൂചനയും അവരതിൽ നല്കാറില്ല. വെറും കൗതുകം. ഒപ്പം ഒരു നർമ്മം കലർന്ന ചിരി.ഒന്നു ചിരിച്ചു തീർക്കാനുള്ള സമയമേ ഉള്ളൂ ആകെ ജീവിതത്തിന്,
അതറിയില്ലേ.

ജോൺസൻ പെട്ടെന്ന് പറഞ്ഞു.
'കീറിക്കോട്ടെ. അത് വായിച്ചതുകൊണ്ടും വല്യ ഗുണമൊന്നുമില്ല.'
അവർ തോറ്റപോലെ.
ജോൺസൻ മനസ്സിൽ പറഞ്ഞു
'ഭംഗിയായി പെറാനറിയാം, അത്രതന്നെ.'

കുഞ്ഞ് മാസിക നിവർത്തിപ്പിടിച്ച് ഭംഗിയിൽ വായിക്കാൻ ശ്രമിക്കുന്നത് കൗതുകത്തോടെ നോക്കി നിന്നു. മാസിക ഇംഗ്ലീഷിലാണ്. വായിക്കുന്നത് തലകുത്തനെ പിടിച്ച് മലയാളത്തിലാണ്. അതിനിടെ ഒരു സൂചനപോലും തരാതെ വണ്ടി വളരെ ദൂരം പോയിരുന്നു. അത് തിരിച്ചറിയവെ ജോൺസൻ വീണ്ടും ഒറ്റപ്പെട്ടു.

സീറ്റ് പിന്നോക്കം നിവർത്തിയതിനാൽ ചാരിനിൽക്കാൻ ഒരസുഖം ഉണ്ട്. കാലിൽ വേദനയുടെ ഉറുമ്പുകൾ കടി തുടങ്ങി. ഒരു സീറ്റെങ്കിലും ഒഴിഞ്ഞിരുന്നെങ്കിൽ എന്ന ആശ ശക്തിപ്പെട്ടു തുടങ്ങി. അപ്പോഴാണ് ഒരത്ഭുതംപോലെ തന്റെ ചിന്തകളെല്ലാം ആ സ്ത്രീയും അറിയുന്നുണ്ടെന്ന് ജോൺസന് മനസ്സിലായത്. അവരെന്തോ ചോദിച്ചതുപോലെ.

'എന്താ?'
'എവിടേക്കാ?'
'ഇരിക്കണോ?'
'എന്താ?'
'ഇരിക്കണോന്ന്?'
'മനസ്സിലായില്ല......'

ഉത്തരം പറയാതെ അവർ ആറുവയസ്സുകാരിയെ പിടിച്ച് നാലുവയസ്സുകാരിയുടെ സീറ്റിൽ ഇരുത്തി. ചെറിയോരു പ്രതിഷേധം ഉയർന്നെങ്കിലും നാലുവയസ്സുകാരി പിണക്കം മാറാതെ നിന്നു.
'അവിടെ ഇരുന്നോളൂ. ഇവൾ ഇവിടിരുന്നോളും. ചെറുതിന്റെ കാര്യമാണ് വിഷമം. അവൾക്ക് ഒരു സീറ്റുതന്നെ വേണം.'

കളം മാറിയുള്ള ആ കളി ജോൺസനെന്തോ രസിച്ചില്ല. മാലാഖക്കുഞ്ഞുങ്ങളെ വേദനിപ്പിക്കുന്നത് കാണുമ്പോൾ ദൈവംവരെ കണ്ണുകുത്തിപ്പൊട്ടിക്കും. വേണോ ഈ കളം മാറ്റം
'അവിടിരുന്നോളൂ. അവൾക്ക് പിണക്കമൊന്നും ഉണ്ടാവില്ല.'
'ഉണ്ടോ? മോൾക്ക് പിണക്കം ഉണ്ടോ ?'

ജോൺസൻ നാലുവയസ്സുകാരിയുടെ കവിൾ തൊട്ടതേയുള്ളൂ. അവിടെ നുണക്കുഴിയിൽ സൂര്യനുദിച്ചു.

നടുവിലെ സീറ്റ് മാലാഖക്കുഞ്ഞുങ്ങൾക്കൊഴിച്ചിട്ട് ചെറിയൊരു സന്തോഷത്തോടെയും നന്ദിയോടെയും ഇരിക്കെ, ജോൺസന് അവരോട് ആദരവ് തോന്നി. കുട്ടികൾ വാശിപിടിച്ചു കാണണം. അല്ലെങ്കിൽ അവരിങ്ങനെ സീറ്റുകൾ കൈയടക്കി വയ്ക്കില്ലല്ലൊ. അപ്പോഴും പിണക്കം നടിച്ച് അയാൾക്കും ചേച്ചിക്കും ഇടയിൽ മുഖം കുനിച്ച് ചാരി നിൽക്കുകയാണ് നാലുവയസ്സുകാരി.

'എന്താ മോൾടെ പേര് ?'
അവൾ പേരു പറഞ്ഞില്ല.
ആറു വയസ്സുകാരി പെട്ടെന്നു പറഞ്ഞു.
'എന്റെ പേര് അർച്ചന.'
'ഇവൾടെയോ?'
പറയല്ലേ...... എന്ന ഭാവത്തിൽ അവൾ എന്തോ സൂചിപ്പിച്ചപോലെ വന്നവാക്ക് അർച്ചന വിഴുങ്ങിക്കളഞ്ഞു.

'ഏയ്........ ഞാൻ പറയില്ല.'
'എന്നാൽ എനിക്ക് കേൾക്കേം വേണ്ട. പേരില്ലാത്ത വേറെയും കുട്ടികൾ എന്റെ നാട്ടിലുണ്ട്. ഞാൻ ചെന്ന് അവരോടും ഈ കഥ പറയും.'
'ഏത് കഥ?'
'നിങ്ങളെ കണ്ടുമുട്ടിയ കഥ.'

അർച്ചന സംശയത്തോടെ അനിയത്തിയെ നോക്കി. അനിയത്തി സംശയത്തോടെ അമ്മയെ നോക്കി. അതത്രയും നേരം കേട്ടു കൊണ്ടിരുന്ന അമ്മയിൽ അപ്പോഴും ആദ്യം കണ്ട പരിഭ്രമം അടങ്ങിയിട്ടില്ല. അവരെന്തോ പറയാൻ ഒരുങ്ങിയപോലെ. പെട്ടെന്നതു പറയുകയും ചെയ്തു.
'ചിലപ്പോൾ നിങ്ങളെനിക്കൊരു സഹായം ചെയ്യേണ്ടിവരും. വിഷമം ഉണ്ടാവില്ലല്ലൊ?'

ജോൺസൻ അമ്പരന്നു.
'എന്തു സഹായം?!'
'വിഷമം ഉണ്ടാവില്ലല്ലൊ.'
'സഹായം എന്താണെന്നു പറയൂ. വിഷമത്തിന്റെ കാര്യം പിന്നീടല്ലേ.'

പതുക്കെ ജോൺസനുനേരെ മുഖം കുനിച്ച്, ശരിക്കും അയാളിലേക്ക് ആവാഹിക്കുന്ന ശബ്ദനിയന്ത്രണത്തോടെ ഒരു മന്ത്രജപം പോലെ ആ സ്ത്രീ പെട്ടെന്നു പറഞ്ഞു.
'ഞാനീ രണ്ടു കുട്ടികൾക്കും ടിക്കറ്റെടുത്തിട്ടില്ല. എന്റെ ടിക്കറ്റേ കൈയിലുള്ളൂ. ടിക്കറ്റ് ഇൻസ്‌പെക്ടർ വന്ന് രണ്ടുപേർക്കും ടിക്കറ്റില്ലെന്നറിഞ്ഞാൽ നല്ല പിഴ വീഴും അങ്ങനെ സംഭവിച്ചാൽ എന്നെ ഒന്നു സഹായിക്കണം.'
'എങ്ങനെ?'

'അർച്ചന എന്റെ മോളാണെന്നു ഞാൻ പറയും. ചെറിയവൾ നിങ്ങളുടെ കുട്ടിയാണെന്നു പറയണം. ഒരു കുട്ടി മാത്രമാവുമ്പോൾ പിഴയുണ്ടാവില്ല. വയസ്സു ഞാൻ കുറച്ചു പറഞ്ഞോളാം.'

ജോൺസൻ ഒന്നമും മനസ്സിലാവാതെ ഇരുന്നു. കാതടഞ്ഞപോലെ തോന്നി.
'എന്നോട് ടിക്കറ്റ് ചോദിച്ചാലോ?'
'ഏയ് അവളെ കണ്ടാൽ പ്രായം പറയില്ല. ഒരാളുടെ കുട്ടിയാവുമ്പഴേ പ്രശ്‌നാവൂ. രണ്ടുപേരുടേതാവുമ്പോൾ പ്രശ്‌നമുണ്ടാവില്ല. അയാൾ അങ്ങ് പൊയ്‌ക്കോളും.'
'അത് വേണോ?'
'ഒന്നു ശ്രമിച്ചൂടെ ? എന്താ ഇവൾടെ പേര്?'
'പേരു പറഞ്ഞു കൊടുക്കെടീ........'
അപ്പഴും അവൾ പേരു പറഞ്ഞില്ല.

ആ നോട്ടം...
ആ ചിരി....
ആ നുണക്കുഴിയിലെ സൂര്യന്മാർ.
മുറുക്കിപ്പിടിച്ച ഇളം വിരലിന്റെ അറ്റത്തെ ചുവന്ന മേഘത്തുണ്ട്..
വെളുത്ത ഫ്രില്ലുള്ള ഉടുപ്പിന്റെ നെഞ്ഞിൽത്തന്നെ, തേൻ കുടിച്ച് വണ്ണം വച്ച് പറക്കാനായി നിൽക്കുന്ന പൂമ്പാറ്റ....

ജോൺസൻ അസ്വസ്ഥനായി. കുറച്ചുനേരത്തേക്ക് ഈ കുഞ്ഞിനെ താൻ ദത്തെടുക്കുന്നുവെന്നോ. അതോ ഈ കുഞ്ഞ് തന്നെ ദത്തെടുക്കുന്നുവെന്നോ. പുതിയ അഛനെ വിശദമായി പഠിക്കുകയാണോ അവൾ. അതോ സ്‌നേഹിച്ചു തുടങ്ങുകയാണോ.

ടിക്കറ്റ് ഇൻസ്‌പെക്ടർ വരും. ടിക്കറ്റ് ചോദിക്കും. തന്റെ കുഞ്ഞാണെന്നു പറയുമ്പോൾ അവൾ അല്ലെന്നു പറഞ്ഞാലോ.

ജോൺസൻ വിയർത്തു.
ആ സ്ത്രീയോട് പറ്റില്ലെന്നു പറഞ്ഞാലോ.
'എന്താ പേടിയുണ്ടോ?'
'ഏയ്.......'
'ഒന്നും സംഭവിക്കില്ല. വെറുതെ ഒരു വാക്കു പറഞ്ഞാൽ മതി.'
'ശരിക്കും ടിക്കറ്റെടുത്തു കൂടായിരുന്നോ? എന്തിനാ ഇങ്ങനെ......?'

അപ്പോഴാണ് അവരിൽ ആദ്യമായി ഒരു പുഞ്ചിരി ജോൺസൻ കണ്ടത്.
"അങ്ങനെ നേരാവണ്ണം നടന്നാൽ ജീവിതത്തിനെന്താ ഒരു ത്രില്ലുള്ളത്. ഇതൊക്കെയല്ലെ രസം. നേരിട്ടൊരു റിവോൾട്ട് ഒരിക്കലും നടക്കുന്നില്ല. മനസ്സിലെങ്കിലും നമുക്ക് ഒരാളെ കൊല്ലാലോ.."

തുടർന്നുള്ള ചിരിക്ക് ഒരു മാതിരി അപസ്വരം ഉണ്ടായിരുന്നു. ചെറിയൊരു ദുർഗന്ധവും. തെല്ലുനേരത്തേക്കേ ആ വ്യത്യാസം ജോൺസന് അനുഭവപ്പെട്ടുള്ളൂ. വീണ്ടും അവർ പഴയ പടിയായി. പൂർവ്വാധികം സുന്ദരിയായി.

രക്ഷപ്പെടാൻ ജോൺസൻ ഒരു വഴിയേ കണ്ടുള്ളൂ. ഉറങ്ങുക. ജനിച്ചിട്ടിത്രയും കാലം വരെ ഉറങ്ങിയിട്ടില്ലാത്ത ഒരാളെപ്പോലെ അങ്ങ് ഉറങ്ങുക. ആരു വിളിച്ചാലും അറിയരുത്. ടിക്കറ്റ് ഇൻസ്‌പെക്ടർ വന്നാൽ ഉറക്കത്തിൽ അറിയാത്തപോലെ സ്വന്തം ടിക്കറ്റ് മാത്രം എടുത്തു കൊടുക്കുക. ഒപ്പിട്ടു തിരിച്ചു തരുമ്പോൾ ഉറക്കം നടിച്ചു തന്നെ വാങ്ങണം. വല്ലവരും വല്ലതും ചോദിച്ചാൽ അത്യാവശ്യം പിച്ചും പേയും പറയുക.

ഒന്നു നന്നായി ശ്വാസമെടുത്ത് ജോൺസൻ ചാരിക്കിടന്നു. അർച്ചന അമ്മയുടെ ദേഹത്തേക്ക് ചാരി നേരത്തെ ഉറക്കം തൂങ്ങിയിരുന്നു. ചെറിയവൾ പഴയപോലെ തന്നെ. ജോൺസന്റെ ഓരോചലനവും പഠിച്ച്, ഉറങ്ങാൻ പോവ്വാണല്ലെ, എന്നു നേരിയ ചിരിയിൽ സൂചിപ്പിച്ച്..,

ജോൺസൻ പതുക്കെ കണ്ണടച്ചു. മുന്നിലെ മാലാഖക്കുഞ്ഞിന്റെ ചിരിയും, ജന്നലിന്നപ്പുറത്തെ പുഴയും പതുക്കെ അദൃശ്യമായി. പാലത്തിനുമുകളിൽ ചക്രമുരുളുന്ന താരാട്ടുമാത്രം ചുറ്റിലും നിറഞ്ഞുനിൽക്കുകയായി. അടുത്ത മുറിയിലെങ്ങോ ടിക്കറ്റ് ഇൻസ്‌പെക്ടർ കാത്തു നിൽക്കുന്നപോലെ...

അപ്പോൾ വിരലറ്റത്ത് ആരോ നുള്ളി. മുന്നിൽ മാലാഖക്കുഞ്ഞ്. ഉറങ്ങാൻ പാടില്ലെന്ന ഭാവം. ഉണർന്നതും അവൾ കണ്ണുപൊത്തിച്ചിരിച്ചു. വീണ്ടും അയാൾ കണ്ണടച്ചു. ഇത്തവണ അവൾ പതുക്കെ ദേഹത്തേക്ക് ചാഞ്ഞു. ആ ചരിയിൽ അവൾ തെന്നിവീഴുന്നതറിഞ്ഞോ എന്തോ ജോൺസൻ പെട്ടന്നവളെ പിടിച്ചു. അവൾ ജോൺസനെ മുറുക്കിപ്പിടിച്ചിരുന്നു. സ്വല്പം വളർന്ന കൊച്ചു നഖങ്ങൾ അയാളെ വേദനിപ്പിക്കാതെ കൈയിൽ തറച്ചിരുന്നു. ജോൺസൻ അവളെ അരികിലിരുത്തി.

അമ്മ അതൊന്നും അറിഞ്ഞ മട്ടില്ല. അവരിപ്പോഴും വായന തന്നെ. ജോൺസൻ അവൾക്ക് അമ്മയെ ചൂണ്ടിക്കാണിച്ചു കൊടുത്തു. അവൾ നോക്കിയതേ ഇല്ല. പകരം ജോൺസന്റെ താടി പതുക്കെ തടവി. കീശയിൽ കൈയിട്ട് വിസിറ്റിംഗ് കാർഡെടുത്ത് തിരിച്ചും മറിച്ചും നോക്കി. നെറ്റിയിൽ പതിച്ചു വയ്ക്കാൻ നോക്കിയത് തിരികെയെടുത്ത് കീശയിൽ തന്നെ ഇട്ടു.

വാച്ച് പറിച്ചെടുക്കാൻ നോക്കി.
മോതിരം തടവി നോക്കി..
കൈപൊന്തിച്ച് വിരലിന്റെ അറ്റം കടിച്ച് വേദനിപ്പിക്കാതെ വേദനിപ്പിക്കാൻ നോക്കി. നെഞ്ഞിലെ പൂമ്പാറ്റയെ തൊട്ടു നോക്കാൻ ആംഗ്യം കാട്ടി. ചെവിയിലെ കല്ലുവച്ച കമ്മൽ അഴിച്ച് അയാളുടെ കീശയിലിടാൻ നോക്കി. നെറ്റിയിൽ നെറ്റിമുട്ടിച്ചും മുഖമുയർത്തിയും കളിതുടങ്ങി..ഒടുവിൽ, കവിളിൽ ഉമ്മവച്ചുകൊണ്ട് ഉറങ്ങും പോലെ കിടന്നുതുടങ്ങി.

വളരെ വേഗം.
വളരെ വേഗം അവൾ ഉറങ്ങിത്തുടങ്ങി.
ജോൺസനും.

ഉറക്കത്തിലെങ്ങോ പുഴക്കരയുടെ ഓരത്ത് അയാൾ മൂന്നു ഊഞ്ഞാലുകളെ സ്വപ്നം കണ്ടു. പുഴയിൽനിന്നും വീശിവരുന്ന കാറ്റിൽ, ഊഞ്ഞാലാടുന്ന മാലാഖക്കുഞ്ഞുങ്ങളുടെ ചിരിയുടെ നുറുങ്ങുകൾ മണ്ണിൽ വീഴുന്നത് കേട്ടു. നെഞ്ഞിലുറങ്ങുന്ന കൊച്ചുകുഞ്ഞിന്റെ ഇളം ചൂട് അയാളുടെ രക്തം ഊറ്റിയെടുക്കുന്നത് സാവകാശം അറിഞ്ഞു.

അപ്പോൾ ടിക്കറ്റ് ഇൻസ്‌പെക്ടർ വന്ന് അയാളുടെ ചുമലിൽ ഉണർത്താനായി തട്ടി.അമ്മയാണ് ആദ്യം ടിക്കറ്റ് കൊടുത്തത്. സംശയത്തോടെ അർച്ചനയെ ഇൻസ്‌പെക്ടർ നോക്കുന്നതറിയവെ യാതൊരു പരിഭ്രമവും ഇല്ലാതെ അവർ പറഞ്ഞു:

"എന്റെ മോളാ."
'വയസ്സ്?'
'മൂന്നായിട്ടില്ല.......'

ഉത്തരം പറയാതെ അമർത്തിയൊന്നു ചിരിച്ച് ടിക്കറ്റിൽ എന്തൊക്കെയോ കോറിവരച്ച് തിരിച്ചുകൊടുക്കവെ അയാൾ പിറുപിറുത്തു.
'ഈ കുട്ടി കള്ളം പറഞ്ഞുതുടങ്ങിയിട്ടില്ലല്ലോ. അതിന് മുമ്പ് നിങ്ങളെന്തിനാ അവളുടെ പേരിൽ കള്ളം പറയുന്നത്? മൂന്നായിട്ടില്ലത്രെ. ഈ കുഞ്ഞോ?'
'അതവരുടെയാ'
'ഓ........സോറി..'

പൂർണ്ണമായും തുറക്കാത്ത കാഴ്ചയിലൂടെ ജോൺസൻ അവരുടെ മുഖം കണ്ടു. ആ മുഖത്തിന് അമ്മയുടെ കാന്തി അശേഷം ഇല്ല. മുല ചുരത്തുന്ന വേദന ആഹ്ലാദമായി പുനർജനിപ്പിക്കുന്ന ഒരു ഞരമ്പുകളും അവിടെയില്ല. കുഞ്ഞ് ഉണരാതിരിക്കാൻ ദേഹം അശേഷം ഇളക്കാതെ ജോൺസൻ കിടന്നുകൊണ്ടു തന്നെ ടിക്കറ്റ് നീട്ടി. അമ്മ അത് ശ്രദ്ധിക്കുകയായിരുന്നു. മനസ്സ് പറഞ്ഞു. ഇപ്പം അയാളെ പിടിക്കും.

പക്ഷേ, ജോൺസൻ അവരെ അമ്പരിപ്പിച്ചു കളഞ്ഞു. ഇൻസ്‌പെക്ടർ ടിക്കറ്റ് വാങ്ങിയതും ജോൺസൻ പേഴ്‌സ് തുറന്നുകൊണ്ട് പറഞ്ഞു.
'കുഞ്ഞിനൊരു ഹാഫ് ടിക്കറ്റെഴുതണം. തിരക്കിൽ വാങ്ങാൻ പറ്റിയില്ല. വണ്ടി വിടാറായിരുന്നു.'
'ടിക്കറ്റെടുത്തില്ലേ?'
'ഇല്ല.'
'അതിന് മാത്രം പ്രായമായോ ഇവൾക്ക്?'
'പ്രായമൊക്കെയായി ഉണർന്നു കഴിഞ്ഞാൽ നിങ്ങളെക്കാൾ പ്രസരിപ്പ് കാട്ടും.'
'നല്ല ഉറക്കാ അല്ലേ?'
'നല്ല ഉറക്കം.'
'ഉറങ്ങട്ടെ. ഏതായാലും ഇത്തവണ അവൾ ഫ്രീയായി, യാത്രചെയ്യട്ടെ. ടിക്കറ്റൊന്നും വേണ്ട. ആരും ചോദിക്കില്ല."

അയാൾക്ക് നന്ദി പറഞ്ഞ്, കുഞ്ഞിനെ ഒന്നുകൂടി നെഞ്ചിലേക്കമർത്തി, ജന്നലരികിൽ കുഞ്ഞിനെ ഉപേക്ഷിച്ച് ഇരിക്കുന്ന അമ്മയുടെ മുഖഭാവം ശ്രദ്ധിക്കാതെ ജോൺസൻ വീണ്ടും ഉറക്കത്തിലേക്കു മടങ്ങി. സ്റ്റേഷനെത്താൻ ഇനിയും ഇരുപത് മിനിട്ടുണ്ട്.

സ്റ്റേഷനിൽ ബഹളം വച്ച് ജോൺസനു പിറകെ ഓടുന്ന സ്ത്രീക്കു ചുറ്റും പോർട്ടർമാർ കൂടി. അതൊന്നും ശ്രദ്ധിക്കാതെ മുന്നോട്ടു നീങ്ങുന്ന ജോൺസനെ പോർട്ടർമാർ തടഞ്ഞുവച്ചു. സ്ത്രീ ബഹളം വച്ചുകൊണ്ടിരുന്നു.
'ഇതെന്റെ മോളാണ്. അയാളോട് അവളെ തരാൻ പറയൂ. ഇതെന്റെ മോളാണ് '

ജോൺസൻ ഒന്നും മറുത്തു പറഞ്ഞില്ല. അയാളുടെ കഴുത്തിൽ മുറുകെ ചുറ്റിപ്പിടിച്ച് എല്ലാം തമാശ പോലെ കാണുന്ന കുഞ്ഞും ഒന്നും പറഞ്ഞില്ല. ആൾക്കാർ ബഹളം വച്ചു. ബഹളം വയ്ക്കുന്നവരോട് സൗമ്യമായി ജോൺസൻ പറഞ്ഞു.
'ആകെ രണ്ടു ദിവസത്തെ ലീവേ ഉളളൂ. വീട്ടിലെത്തണം അമ്മയെ കാണണം. എന്നെ ഇങ്ങനെ പിടിച്ചു വയ്ക്കരുത്. '

ബഹളം വച്ചുകൊണ്ട് സ്ത്രീ കുഞ്ഞിന്റെ ദേഹത്ത് കൈവച്ചതും ജോൺസൻ അവരെ കുടഞ്ഞുമാറ്റി. ആൾക്കൂട്ടത്തിൽ വന്നുപെട്ട ടിക്കറ്റ് ഇൻസ്‌പെക്ടറാണ് ആദ്യം ആ സ്ത്രീയെ തെറി വിളിച്ചത്.
'നിങ്ങളുടെ കുഞ്ഞോ? നിങ്ങളെപ്പോഴാണ് ഇവളെ പെറ്റത് ?ഈ സ്റ്റേഷനിലെത്തുന്നതിന് അരമണിക്കൂർ മുമ്പോ ?'

തിരിഞ്ഞയാൾ പോർട്ടർമാരോടായി പറഞ്ഞു:
'ഈ കുഞ്ഞ് ഇയാൾടെയാണ്. അതെന്നോട് ആദ്യം പറഞ്ഞത് ഈ സ്ത്രീ തന്നെയാണ്.'

ഒരാൾ കുഞ്ഞിനോട് ചോദിച്ചു.
'ആണോ മോളേ? മോള് ഈ അഛന്റെയാണോ?'

കുഞ്ഞ് അയാൾക്ക് നുണക്കുഴിയിലെ ഒരു സൂര്യനെ എടുത്തുകൊടുത്തു. നെഞ്ചത്തടിച്ചു നിലവിളിക്കാൻ ഒരുങ്ങിയ സ്ത്രീയെ പോർട്ടർമാർ ഭയപ്പെടുത്തി.
'ഇവിടെ വച്ച് ബഹളം വച്ചാൽ എടുത്ത് വല്ല പഴയ ഗുഡ്‌സ് വാഗണിലും ഇടും. അവര് കൊണ്ടുപോയി ഏതെങ്കിലും എഫ്. സി.ഐ ഗോഡൗണിലും തളളും. അവിടെ എലി കരണ്ട് ജീവിതം തുലയും. പറഞ്ഞേക്കാം.'

'അതെന്റെ മോളാണ്.'
'അപ്പഴിതോ?'
'ഇതും.'
'പിന്നെ അതു മാത്രമെങ്ങനാ അയാളുടെ അടുത്തെത്തിയത്?'
'ഞാനവൾക്ക് ടിക്കറ്റ് എടുത്തിരുന്നില്ല. ഒരു തമാശയ്ക്ക് തല്ക്കാലം അയാളുടെ കുഞ്ഞാണെന്ന് പറയാൻ പറഞ്ഞതാണ്. അതാണ് സത്യം.'

പോർട്ടർമാർ പരസ്പരം നോക്കി. അവർക്കത് നിറയെ അക്ഷരത്തെറ്റുളള ഒരു കരച്ചിൽ പോലെ തോന്നി. അവരെ തട്ടിമാറ്റി അർച്ചനയെ കൈയിലെടുത്തുകൊണ്ട് ആ സ്ത്രീ പോലീസ് ഔട്ട് പോസ്റ്റിലേക്കോടി.

ഡിവൈ. എസ്.പി. ശ്രീധരമേനോൻ ഓട്ടോയ്ക്ക് കൈകാണിച്ച് നിരത്തിന്റെ ഒരരുകിലേക്ക് നിർത്താൻ പറഞ്ഞു. ജോൺസൻ ഓട്ടോയിൽ നിന്നിറങ്ങിയില്ല. അരികിൽ വന്ന് അകത്തേയ്ക്ക് കുനിഞ്ഞു നോക്കി ഡിവൈ. എസ്.പി. മയത്തിൽ ചോദിച്ചു.
'കുഞ്ഞിനെ തട്ടിക്കൊണ്ടു പോയെന്ന് ഒരു പരാതിയുണ്ട്. ഒന്നിറങ്ങിക്കൂടെ?'
'ആകെ രണ്ടു ദിവസത്തെ ലീവേ ഉളളൂ.'
'സാരമില്ല ഇതൊന്നു ഒതുക്കി തീർത്തിട്ട് പെട്ടെന്ന് പോകാം.'

ജോൺസൻ കുഞ്ഞിനോടൊപ്പം ജീപ്പിൽ കയറി. ഡിവൈ.എസ്.പി പറഞ്ഞിട്ടാവണം ജോൺസന്റെ പെട്ടി ഒരു പോലീസുകാരൻ തന്നെ എടുത്ത് ജീപ്പിൽ വച്ചു.

ശ്രീധരമേനോന് നല്ല കഷണ്ടിയുണ്ട്. തൊപ്പിയൂരി കഷണ്ടിയിലെ നടുവിൽ വിരലോടിച്ചുകൊണ്ട് അശേഷം പോലീസ് ഭാവമില്ലാതെ അയാൾ പറഞ്ഞു:
'ഡ്യൂട്ടിയുളള ദിവസമൊക്കെ ഭക്ഷണം കഴിക്കാൻ വീട്ടിൽ എത്താറില്ല. ഇന്ന് ലക്ഷ്മിയുടെ പിറന്നാളായതുകൊണ്ട് രാത്രി വൈകുന്നതിനുമുമ്പ് എത്താംന്ന് ഞാൻ വാക്കും കൊടുത്തു. കുട്ടികളില്ലാത്ത ബോറടികൊണ്ടാ ഈ പിറന്നാളൊക്കെ ആഘോഷിക്കുന്നത്. ഇനിയിപ്പോൾ സ്റ്റേഷനിലേക്കുചെന്നാൽ അതു തെറ്റും. വണ്ടി വീട്ടിലേക്കു വിടാം. ഇതൊന്നു ഒതുക്കിത്തീർക്കാൻ രണ്ടു മിനിട്ടു പോരേ. പോരേ മിസ്റ്റർ ജോൺസൻ?'

ജോൺസൻ വെറുതെ ചിരിച്ചു.
ആ ചിരിയുടെ അർത്ഥം കണ്ടു ഭയന്നാവണം ശ്രീധരമേനോൻ കുഞ്ഞിന്റെ കവിളിൽ സ്‌നേഹത്തോടെ തട്ടി. വിരലിൽ പതിയെ തൊട്ടു.
'ഭാര്യയും ഭർത്താവുമാവുമ്പോൾ അടിപിടി ഒരു രസാ. പക്ഷേ, അത് വണ്ടിയിലും ബസ്സിലും വച്ചാവുമ്പോഴാണ് ഒരു വൃത്തികെട്ട നാറ്റം അടിക്കുന്നത്.'

ജോൺസൻ ഒന്നും പറഞ്ഞില്ല.
'എന്താ മോൾടെ പേര് ?'
'മോള് പേര് പറയ്.'

ശ്രീധരമേനോൻ ചോദിച്ചിട്ടും ജോൺസൻ പറഞ്ഞിട്ടും മോള് പേരു പറഞ്ഞില്ല. വെറുതെ ചിരിച്ചു. നുണക്കുഴിയിൽ സൂര്യനുണ്ടെന്ന് മേനോന് കാണിച്ചു കൊടുത്തു. 'കുട്ടി പേടിച്ചിരിക്കുന്നു. കുട്ടികളെ ഭയപ്പെടുത്തുന്നവരോട് എനിക്കു വലിയ ദേഷ്യാ.'

വാതിൽ തുറന്ന് ലക്ഷ്മിയോട് ശ്രീധരമേനോൻ പറഞ്ഞു.
'നീ ചോറു വിളമ്പ്. ഞാനീ കേസൊന്ന് തീർക്കട്ടെ. പിന്നെ ഈ കുഞ്ഞിന് വല്ലതും കുടിക്കാൻ കൊടുക്ക്.'
'ആരാ ഇവരൊക്കെ ?'
'ഇത് ജോൺസൻ. ഇത് മോള്.'
മേനോൻ ജോൺസന് ലക്ഷ്മിയെ പരിചയപ്പെടുത്തി.

'ഇതെന്റെ ഭാര്യ ലക്ഷ്മി.'
ജോൺസൻ കൈകൂപ്പി. ഒപ്പം കുഞ്ഞും.
ലക്ഷ്മി ആകെ ചിരിച്ചുപോയി.
'കേമിയാണല്ലോ. എന്താ മോൾടെ പേര് ?'

എല്ലാവരും കാതുകൂർപ്പിച്ചു. ഇത്തവണ കുഞ്ഞെന്തോ പറഞ്ഞപോലെ ചിരിച്ചു. നുണക്കുഴിയിലെ സൂര്യനിലൊന്ന് വഴുതി വീണു.
'എന്താ മോളെ? എന്താ പറഞ്ഞത് ?.'
'ഒന്നൂല്ല്യ.....'

ശ്രീധരമേനോൻ അറിയാതെ പറഞ്ഞുപോയി.
'ഇങ്ങനത്തെ ഒരു കുസൃതിയുള്ളപ്പോൾ എന്തിനാ നിങ്ങളൊക്കെ ഇങ്ങനെ പ്രശ്‌നമുണ്ടാക്കുന്നത് ?'
'ഞാനൊന്നും ഉണ്ടാക്കിയിട്ടില്ല.'
'പറഞ്ഞാൽ തീരില്ലല്ലൊ ജോൺസൻ. ഇരിക്ക് ഞാൻ അവരോടൊന്ന് സംസാരിക്കട്ടെ.

ശ്രീധരമേനോന് മുമ്പിൽ ഒരു അർദ്ധബോധാവസ്ഥയിൽ ഇരുന്നുകൊണ്ട് സ്ത്രീ പുലമ്പി.
''എന്റെ ഇളയ മോളാണ് എനിക്കവളെ കിട്ടിയേ തീരു...'
'പിന്നെ ഈ ടിക്കറ്റ് ഇൻസ്‌പെക്ടറെന്താ ഇങ്ങനെ പറയുന്നത് ?'

ഇൻസ്‌പെക്ടർ വിറച്ചു.
'ആ കുഞ്ഞ് ഇവരുടേതല്ലെന്ന് ഇവരുതന്നെയാ എന്നോട് പറഞ്ഞത്. പിന്നെന്തിനാ ഈ ബഹളമൊക്കെ. അവരവരുടെ പാട്ടിനു പോയി ജീവിക്കട്ടെ. ആ മനുഷ്യൻ എന്തായാലും സത്യസന്ധനാണ്. കുഞ്ഞിന് ടിക്കറ്റെടുക്കാൻ മറന്നുപോയിട്ട് എന്നോട് ടിക്കറ്റെഴുതിത്തരാൻ പറഞ്ഞയാളാണ് അത്. ഞാനാ മനുഷ്യനെ അവിശ്വസിക്കില്ല.'

മരണം മുന്നിൽ കാണുന്നപോലെയാണ് ആ സ്ത്രീയുടെ ഇരുത്തം. ചിറകിന്നുള്ളിൽ രണ്ടു കുഞ്ഞുങ്ങളുണ്ടായിരുന്നു. ഉയരത്തിൽ പറക്കുന്ന കഴുകന് ഒരു രസത്തിന് കുഞ്ഞുങ്ങളെ കാണിച്ചുകൊടുത്തു. കഴുകൻ നന്ദിപൂർവ്വം ഒരെണ്ണത്തിനെ നഖത്തിലെടുത്തുകൊണ്ടുപോയി. അത് വൃക്ഷത്തിന്റെ ഉച്ചിയിൽ ഇരിക്കുന്നുണ്ട്.താഴെ ആൾക്കൂട്ടമുണ്ട്. എറിഞ്ഞുവീഴ്ത്തുകയേ വേണ്ടൂ. എനിക്കെന്റെ കുഞ്ഞിനെ ജീവനോടെ തിരിച്ചുതരാൻ പറയൂ.....പറയൂ.....

അവരുടെ കരച്ചിൽ കുറേനേരം കേട്ടുനിന്നപ്പോഴാണ് മുകളിലെ മുറിയിൽ ലക്ഷമിയുടെയും കുഞ്ഞിന്റേയും ശബ്ദം കേൾക്കുന്നില്ലെന്ന് ശ്രീധരമേനോൻ അറിയുന്നത്.
കുഞ്ഞ് ഉറങ്ങിയോ.
ലക്ഷ്മി ഭക്ഷണം എടുത്തുവച്ചോ.
ജോൺസനോട് ഒന്നുകൂടി സംസാരിച്ചു നോക്കിയാലോ.
ഒരു മിനിട്ട് എന്നും പറഞ്ഞ് ശ്രീധരമേനോൻ മുകളിലേക്കു ചെന്നു.
അവിടെ ജോൺസനും കുഞ്ഞും ഉണ്ടായിരുന്നില്ല.
ഒപ്പം,
ലക്ഷ്മിയും.

Enjoy this post?

Buy Raghunath Paleri a coffee

10 comments

More from Raghunath Paleri