Short story in Malayalam: The girl God d ...

Short story in Malayalam: The girl God does not see

Jun 16, 2021

ഈശ്വരൻ കാണാത്ത പെൺകുട്ടി.



ആ പെൺകുട്ടിയെ ആരും കണ്ടിരുന്നില്ല.
ഈശ്വരൻപോലും

ആ ദുഃഖം അവളുടെ കണ്ണുകളിൽ എന്നും നിറഞ്ഞു നിന്നിരുന്നു. വിടരാൻ ഉലയവെ ദളങ്ങൾ വേദനിക്കുന്ന ഒരു പൂമൊട്ടു പോലെയാണ് ആ കണ്ണുകൾ. എന്നും പാതി വിടർന്ന്, ഒന്നോ രണ്ടോ മഞ്ഞുതുള്ളി താങ്ങി, അവയിൽ നിറം മങ്ങിയ പഴയ ഒരു മഴവിൽതുണ്ട് തെളിഞ്ഞും മറഞ്ഞും കാഴ്ചയായി, ഇളംവെയിലിൽ മേലാകെ വീഴുന്ന ചാറൽമഴയിൽ തിളങ്ങുന്ന പ്രകൃതിപോലെ...

ആ പെൺകുട്ടിയെ ആരും കണ്ടിരുന്നില്ല.
ഈശ്വരൻപോലും

അസ്തമയസൂര്യന് അഭിമുഖം നിൽക്കുന്ന ഒരു ഗോതമ്പു ചെടിയാണവൾ. ഇളം കാറ്റിൽ പതുക്കെ ആടാറുണ്ട്. അവളുടെ മനസ്സും. അവിടെ ആരോ ഓടക്കുഴൽ വായിക്കാറുണ്ട്. കാലിൽ ചിലങ്ക കെട്ടുന്ന ആരുടെയോ വിരൽ സ്പർശനങ്ങൾ അവൾ ഇടയ്ക്കിടെ അറിയാറുണ്ട്. കാണുവാൻ ധൃതിവയ്‌ക്കേ അവ വെറും തോന്നലുകളായിരുന്നുവെന്ന് അവൾക്ക് മനസ്സിലാവും. അപ്പോൾ മനസ്സിലെ പ്രാവുകൾക്ക് ചെറുതായി വേദനിക്കുന്ന ചിറകുകൾ ഒതുക്കാൻ അവൾ ആജ്ഞ നൽകും. എന്നും ദൃഷ്ടി തറച്ചു നിൽക്കുന്ന ജനലരികിൽ മെഴുകുതിരി തെളിയിച്ച് അതിലെ നാളത്തിൽ സ്വന്തം പ്രതിബിംബം നോക്കും. ഇളം കാറ്റിൽ ഉലയുന്ന നാളത്തിനൊപ്പം തന്റെ രൂപവും ഉലയുന്നതവൾ കാണും. ഒരു ചെറു കാറ്റു മതി അവളെ വേദനിപ്പിക്കാൻ. അത്രയേറെ ഭീതിയാണ് അവളുടെ മനസ്സു നിറയെ.

നനവാർന്ന വിള്ളലിൽ ഞണ്ടുകൾ പെറ്റുകിടക്കുന്ന പുഴപോലെ അത് വളഞ്ഞും തിരിഞ്ഞും കിടക്കുന്നു. കിഴക്കൻ കാട്ടിൽ മലകൾക്കുള്ളിൽ അവളുടെ കാഴ്ചയിലൊതുങ്ങാതെ ഭംഗി നിറഞ്ഞ മേഘങ്ങൾ വഴിമാറി നിൽക്കുന്നു. തടം നനയ്ക്കാൻ സ്വന്തം കണ്ണീരില്ലേ അനിയത്തീയെന്ന് അവ ഇടിമിന്നലായി ചോദിക്കുന്നു.

അവളത് എന്നും കേൾക്കാറുണ്ട്. സഹികെടുമ്പോൾ കാതുപൊത്തും. അപ്പോഴത് ജപമന്ത്രങ്ങളാവും. ഈശ്വരപ്രാർത്ഥനകളാവും. പതുക്കെപ്പതുക്കെ ദേവദൂതന്മാർ അരികിൽ വന്ന് വിരലുകൾ മാറ്റുവാൻ പറയും. അവൾ അനുസരിച്ചു പോകും. തെല്ലിടനേരം അവൾക്കു ചുറ്റും പാടി നടന്ന് സാവകാശം അവർ കിഴക്കൻ നാട്ടിലെ മലകൾക്കു മുകളിലെ വഴിമാറുന്ന മേഘങ്ങളായി രൂപാന്തരപ്പെടും. തടം നനയ്ക്കാൻ കണ്ണീരുണ്ടല്ലോ അനിയത്തീയെന്ന് ഉറക്കെയുറക്കെ വീണ്ടും ചോദിക്കും.

വേദനയുടെ ഉറുമ്പുകൾ മനസ്സിന്റെ മൂർദ്ധവിലോളം പടർന്നുയർന്ന് കിടക്കുമ്പോൾ അവൾ മുന്നിലെ മെഴുകുതിരി നാളത്തിൽ വിരൽ നീട്ടി പൊള്ളിക്കും. അവളുടെ ഗോതമ്പു നിറമുള്ള വിരലിൽ കരി വീഴും. ചന്ദ്രക്കലയ്ക്കു മുന്നിലേക്കു കടന്നു വരുന്ന കാർമേഘമായി കരിഞ്ഞു പൊള്ളുന്ന തോലും നഖം മറയ്ക്കും.

അവൾ ആ വേദന അറിയാറില്ല. മനസ്സ് നിറയെ പതയുന്ന വേദന അതിലും തീവ്രമാണല്ലോ എന്നവൾ ഓർക്കാറില്ല.
ഓർത്തിട്ട് കാര്യമില്ല.
കാരണം.
ആ പെൺകുട്ടിയെ ആരും കണ്ടിരുന്നില്ല.
ഈശ്വരൻപോലും.

പക്ഷികൾ ഉണരുംമുമ്പേ, മഞ്ഞിൻ തണുപ്പു മാറും മുമ്പേ, പതിവുപോലെ അവൾ നേരത്തെ എഴുന്നേറ്റു. സർവ്വ മനസ്സിനും ശാന്തി തരാൻ ഈശ്വരനോട് പ്രാർത്ഥിച്ചു. പിന്നീടവൾ തലേദിവസം രാത്രിവരെ; ഏതോ കൊച്ചു കുട്ടിക്ക് നൽകാനായി തുന്നിക്കൊണ്ടിരുന്ന കമ്പിളി ഉടുപ്പ് കയ്യിലെടുത്തു. ഇനിയും സ്വൽപ്പം കൂടി ബാക്കിയുണ്ട്.

തുറന്ന ജനൽപ്പടിമേൽ ഇളംമഞ്ഞ നിറമുള്ള പക്ഷികൾ വന്നിരുന്നു. കാറ്റിൽ തെന്നുന്ന തിരശ്ശീലയ്ക്കപ്പുറും പക്ഷികൾക്ക് അവളെ കാണാം. അവളുടെ ചിരിയിലെ മധുരം കാണാം.

പ്രതീക്ഷിച്ചതിലും നേരത്തെ കമ്പിളി ഉടുപ്പ് പൂർത്തിയായി. വാതിൽ അടച്ച് കമ്പിളി ഉടുപ്പ് വലം കീശയിൽ ഒളിപ്പിച്ച് മേശമേൽ വെച്ചിരുന്ന ചുകന്ന റോസാപ്പൂവിലൊ ന്നെടുത്ത് വാസനിച്ച് തിരികെ വെച്ച് അവൾ വാതിൽ പതുക്കെ ചാരി.

വരാന്തയിൽ ആരുമില്ല.

സാധാരണ ഈ സമയം മറ്റു മുറികളിലേക്കോ സന്ദർശകരെ സ്വീകരിക്കുന്ന ഹാളിലേക്കോ വഴി നടക്കുന്ന ഒന്നു രണ്ടു പേരെയെങ്കിലും കാണേണ്ടതാണ്. ഇന്നാരുമില്ല. വരാന്ത അവസാനിക്കുന്നിടത്ത് വന്നു നിന്ന് അവൾ സന്ദർശക ഹാളിലേക്കൊന്നെത്തി നോക്കി.

അകത്താരുമില്ല.

വേഗത കുറഞ്ഞ് തിരിയുന്ന പങ്കയുടെ ചിറകിലൊന്നിൽ ഇരുന്നുറങ്ങാൻ ബന്ധപ്പെടുന്ന ഒരു ചെറു കുരുവി മാത്രം മുറിയിൽ പറന്നുകൊണ്ടിരിക്കുന്നു. അവൾ കുരുവിയ്ക്കായി ഫാൻ ഓഫ് ചെയ്തു കൊടുത്തു. മുൻവശത്തെ പടികളിറങ്ങി, തലേന്നു വിരിഞ്ഞു നിൽക്കുന്ന തോട്ടത്തിലെ പുതിയ പൂക്കളിലേക്ക് ഒരു നോട്ടം എറിഞ്ഞ് ഗേറ്റ് തുറക്കാൻ ധൃതിവയ്‌ക്കേ പിറകിൽ അകലെയായി ആരോ വിളിച്ചപോലെ ശാസനയെന്നവിധം ആരുടേയോ ശബ്ദം കേട്ടതുപോലെ.

അവൾ തിരിഞ്ഞു നോക്കിയില്ല.

പടിയടച്ച്, കാതടച്ച്, ഒരു ചെറു കാറ്റുപോലെ അവൾ പാതയിലേക്കിറങ്ങി. ഇപ്പഴും നിരത്ത് നിറയെ ഇളം മഞ്ഞുണ്ട്. എതിരെ വരുന്നവരുടെ വസ്ത്രങ്ങളുടെ നിറം അറിയാൻപോലും അവർ വളരെ അടുത്തെത്തണം. അവൾക്കും അവർക്കും ഇടയിൽ വെളുത്ത മുടിനാരിൻ തോട്ടമായി മഞ്ഞു പെയ്യുന്നു.

നിരത്തിന്റെ വളവിലൊരിടത്ത്, മരച്ചുവട്ടിലെ സിമന്റു ബഞ്ചിൽ അവൾ സ്വൽപ്പനേരം ഇരുന്നു. സ്വൽപ്പം മാറിയുള്ള ബസ്റ്റോപ്പിൽ നാലഞ്ചുപേർ. ഒരാൾ മാത്രം ഏതോ പുസ്തകം വായിക്കുന്നു. ഒരു സ്ത്രീയുടെ കയ്യിൽ കമ്പിളിപ്പുതപ്പുപോലെ കാണുന്ന കുഞ്ഞ് ആൺകുഞ്ഞോ പെൺകുഞ്ഞോ എന്നറിയാനുള്ള മോഹം ഒരു വേള അവളിലുണർന്നു. അതുകൊണ്ടു തന്നെ അവർ കയറിയ ബസ്സിനെ അവൾ സ്വല്പദൂരം നോട്ടമെടുക്കാതെ പിൻതുടർന്നു.

അവർ പോയ്ക്കഴിഞ്ഞിട്ടും ആ കമ്പിളിക്കെട്ടിലെ ജീവനുള്ള കൃഷ്ണമണിയെ ചെറുതായി കുലുക്കിക്കുലുക്കി അവർ പാടിയ താരാട്ട് അവിടെ തന്നെ തങ്ങിനിൽക്കുന്നതായി അവൾക്ക് തോന്നി. സിമന്റു ബഞ്ചിന്റെ എതിർവശത്ത് ഉള്ളം കൈകൾ തിരുമ്മിച്ചൂടാക്കി ഇരിക്കുന്ന വൃദ്ധൻ എപ്പോഴാണ് ഇവിടെ വന്നത്. അയാൾ വന്നതും, ഇരുന്നതും തെല്ലിടനേരം അവളെ നോക്കിയതും അറിഞ്ഞതേയില്ലല്ലോ എന്നവൾ അമ്പരപ്പോടെ ഓർത്തു. മനസ്സെങ്ങോ സ്വൽപ്പനേരം മാറി നിന്നുവോ, താനറിയാതെ.

വൃദ്ധൻ പരിചയം നടിച്ചു.
എന്നും കാണാലോ കുഞ്ഞിനെ ഇവിടെ.'
അവൾ പുഞ്ചിരിച്ചു.
'ഈ മഞ്ഞു കൊണ്ടാൽ പനി പിടിക്കില്ലേ?
മുത്തച്ഛന് പനി പിടിക്കാറുണ്ടോ?'
'ഏയ്.....ഇതൊരു സുഖമല്ലെ.'
'അതെ. എനിക്കും ഇതുവരെ പനിയൊന്നും പിടിച്ചിട്ടില്ല.'
'കുഞ്ഞിന്റെ കയ്യിൽ ചില്ലറ വല്ലതും ഉണ്ടോ. ഈ വയസ്സന് ഒരു ചായ കുടിക്കാൻ?'
'എത്ര വേണം?'
'അമ്പതു പൈസ.'
'അവൾ അമ്പതു പൈസ കൊടുത്തു. വൃദ്ധനതു വാങ്ങി.'
'കുഞ്ഞിന് നന്മ വരും.'
'തീർച്ച?'
'വരും. തീർച്ചയായും വരും.'

അവളോടൊപ്പം അയാളും ചിരിച്ചു പോയി.
പല്ലില്ലാത്ത വായയിൽ അയാളുടെ ചിരി നിറഞ്ഞു നിന്നു.
'എവിടാ വീട് ?'
'കുറേ ദൂരെ.'
'ആരൊക്കെയുണ്ട് ഒപ്പം.?'
'വീട്ടിലോ ? '
'ഉം.'
'വീട്ടിൽ അഛൻ അമ്മ അനിയത്തിമാർ അനിയൻമാർ... പിന്നെ ആരും ഇല്ല.'
'പോരെ. ഇതുതന്നെ ധാരാളമല്ലെ.'

'മുത്തച്ഛനാരൊക്കെയുണ്ട് ?'
അയാൾ അപ്പോഴും ചിരിച്ചു. കുറേകൂടി പ്രസരിപ്പോടെ.
'നല്ല ചോദ്യം. ഇപ്പഴെനിക്കാരുണ്ടെന്നു ചോദിച്ചാൽ, ഈ ബഞ്ചിൽ എന്നോടൊപ്പം കുഞ്ഞും ഉണ്ടെന്നു പറയാം അത്ര മാത്രം.'

പിന്നെ അയാൾ തന്നെ ചിരി നിർത്താതെ തുടർന്നു കൊണ്ടേയിരുന്നു.
'പോരെ.... അതുതന്നെ ധാരാളമല്ലെ...'

കൈവെള്ളയിലെ അമ്പതുപൈസ നാണയത്തിലേക്കു നോക്കി ചിരിതുടർന്നു കൊണ്ട് വൃദ്ധൻ എഴുന്നേറ്റു.
'നാളെയും കാണ്വോ കുഞ്ഞിനെ ഇവിടെ ?'
'ചിലപ്പോൾ'

വൃദ്ധൻ മാറി. അയാൾ പോയ വഴി മഞ്ഞു വന്നു മൂടി. അവൾ എഴുന്നേറ്റു. രാവിലെ പോസ്റ്റ് ഓഫീസിൽ പൊതുവെ തിരക്കു കുറവാണ്. അവൾ ഒരു ഇൻലന്റു വാങ്ങി. അവിടെവച്ചുതന്നെ അമ്മയ്ക്ക് ഒരു കത്തെഴുതി.

അമ്മേ..,
ഇന്ന് ഇവിടെ വെച്ച് ഇപ്പോൾ ഞാനൊരു വൃദ്ധനെ കണ്ടു. അയാൾ എന്റെ വീട്ടിൽ ആരൊക്കെയുണ്ടെന്നു ചോദിച്ചു. ഞാൻ അമ്മ, അഛൻ, അനിയൻമാർ, അനിയത്തിമാർ ഒക്കെ ഉണ്ടെന്നു പറഞ്ഞു. അതൊരു കള്ളമാണെന്ന് ആ മനുഷ്യൻ അറിഞ്ഞു കാണില്ല. അയാൾ നമ്മളെയൊക്കെ അനുഗ്രഹിച്ചു കാണും.

അമ്മയുടെ അസുഖം എങ്ങനെയുണ്ട്. അമ്മ തനിച്ച് ഇനിയും വീട്ടിൽ കഴിയരുത്. ചിറ്റപ്പന്റെ വീട്ടിൽ നിങ്ങളുടെ കുട്ടികളോടൊപ്പം കഴിയണം. വെറും ഏഴു സെന്റു സ്ഥലത്തെച്ചൊല്ലി ഒരു ജീവിതം കളയരുത്. അമ്മ അത് അവർക്കു നൽകുക.

അമ്മയെ ഞാൻ ഉപദേശിക്കുകയല്ല. എന്നോട് മനസ്സിൽ പോലും കോപം തോന്നരുത്. എനിക്ക് ഏഴു വയസ്സുള്ളപ്പോൾ അമ്മ ചിറ്റപ്പനെ വിവാഹം കഴിച്ചത് എനിക്കൊരു ജീവിതം തരാൻ മാത്രമായിരുന്നില്ലെന്ന് എനിക്കും അമ്മയ്ക്കും നന്നായറിയാം. എനിക്കത് കിട്ടിയില്ല. അമ്മയ്ക്കും അതു കിട്ടിയില്ലെങ്കിൽ അതൊരു നഷ്ടക്കച്ചവടമാകും. വാശി കളയുക. അമ്മ ചിറ്റപ്പന്റടുത്തേക്കു തന്നെ പോവുക. ഏഴുസെന്റ് എനിക്കാവശ്യമില്ലെന്ന് അമ്മയ്ക്കു നന്നായറിയാം. എനിക്കെന്തിനാണമ്മ അത്ര വലിയൊരു ഭൂമി. ഒരു ചിരട്ട മണ്ണ്.. വെറും ഒരു ചിരട്ട മണ്ണ്. ഒരു ചെടി വളർത്താൻ ആ മണ്ണുതന്നെ ധാരാളം. ഞാനെന്നും അമ്മയ്ക്കിങ്ങനെ കത്തുകളെഴുതി ക്കൊണ്ടിരുക്കും. ഒടുവിൽ മേൽവിലാസക്കാരിയില്ലാതെ കത്തു തിരിച്ചു വരുമ്പോൾ അമ്മ ചിറ്റപ്പന്റടുത്തേക്കു പോയെന്ന് ഞാനറിയും. അന്ന് ഞാൻ ഏറ്റവും അധികം സന്തോഷിക്കും.

എഴുതുന്നത് അറിയാതെ മനസ്സിൽ പറഞ്ഞുപോയെന്ന് തോന്നുന്നു. അതുകേട്ടാവണം അരികിൽ പെന്നിനു കാത്തുനിന്ന ഒരു വൃദ്ധസ്ത്രീ ശബ്ദം താഴ്ത്തി ചോദിച്ചു.
'കുട്ടിയെന്തേ കരയുന്നേ. വീട്ടിലാർക്കെങ്കിലും വയ്യേ?'

അവൾ സത്യം പറഞ്ഞു.
'കത്തെഴുതുമ്പോൾ അറിയാതെ കണ്ണു നിറയും. പ്രത്യേകിച്ചും അമ്മയ്‌ക്കെഴുതുമ്പോൾ.'

കത്ത് പെട്ടിയിലിട്ട് അവൾ സ്വൽപ നേരം പ്രാർത്ഥനയോടെ അതിന്നു മുന്നിൽത്തന്നെ നിന്നു. അമ്മയ്ക്കത് കിട്ടുമ്പോൾ, അമ്മ അത് വായിക്കുമ്പോൾ., അമ്മ ഒരിക്കലും വേദനിക്കാതിരിക്കട്ടെ.

ആ നിശ്ശബ്ദ നിമിഷത്തിന്നിടയിൽ അവൾക്ക് മുമ്പിലെങ്ങോ അമ്മയെ കണ്ടതുപോലെ തോന്നി. കീശയിലെ കമ്പിളിയുടുപ്പെന്തേ മറന്നുപോയോ എന്നോർമ്മിപ്പിച്ചു കൊണ്ട് ഒരു തെളിച്ചംപോലെ അമ്മ അവളെ കടന്നുപോയി. അപ്പോഴാണവൾ വീണ്ടും കമ്പിളിയുടുപ്പ് ഓർത്തത്. അതിന്നു കാത്തു നിൽക്കുന്ന ഒരു കൊച്ചു പെൺകുട്ടിയുടെ ശബ്ദം കാതിൽ വീണത്.

നെഴ്‌സറി ക്ലാസ്സിന്നുമുന്നിലെ ഊഞ്ഞാലിലും, വട്ടം കറങ്ങുന്ന കസേരകളിലും കളിച്ചു തിമർക്കുന്ന കുട്ടികളുടെ ശബ്ദഘോഷം. ഒന്നോടൊന്ന് കെട്ടിപ്പിണഞ്ഞിട്ടും ഒട്ടും ശ്രുതിഭംഗം വരാത്ത സംഗീതമായി അതവൾക്കു ചുറ്റും നിറഞ്ഞു നിന്നു. ദൂരെ നിന്നേ അവളെ കണ്ടതും കൊച്ചു പെൺകുട്ടി ഓടി അടുത്തെത്തി. അവളുടെ ഉടുപ്പു നിറയെ ചെമ്മണ്ണിന്റെ പൂക്കൾ.

ടീച്ചർ കണ്ടുകൊണ്ട് നിന്നിട്ടും അവൾ കുഞ്ഞിനെ അണച്ചു പിടിച്ചു. ആദ്യം നെറ്റിയിൽ ഉമ്മവെച്ചു. പിന്നെ ദേഹം തടവി.
'അപ്പടി പൊടിയാണല്ലോ.'
'ഞാൻ കളിക്ക്യാ.'
'അപ്പഴിനി കമ്പിളി ഉടുപ്പ് തന്നാൽ അതും വൃത്തികേടാക്ക്വോ ?'
'ഇല്ലാ.... അത് കൊണ്ടുവന്നിട്ടുണ്ടോ ?!'
'ഉം....?'
'അഛനും കൊണ്ടുവന്നിട്ടുണ്ടോ'
'ഉം'
'ഹായ്..'

അവൾ പുഞ്ചിരിച്ചു.
'കമ്പിളി ഉടുപ്പ് ആരു തന്നൂന്ന് ചോദിച്ചാൽ അഛനോട് എന്താപറയാ?''എന്റെ വേറൊരമ്മ തന്നൂന്ന് പറയും.'

അവൾ കരഞ്ഞുപോയി.
നെഞ്ഞോടണച്ച കുഞ്ഞിന്റെ നെഞ്ചിലെ കമ്പിളി ഉടുപ്പിലേക്ക് അറിയാതെ കണ്ണീരു പകർന്നുപോയി. അവിടവിടെ സന്തോഷത്തിന്റെ വിത്തു വീണുകിട്ടിയ മനസ്സോടെസന്ധ്യക്കുമുമ്പേ അവൾ തിരിച്ചെത്തി.

അപ്പോൾ,

പടിതുറന്ന് തോട്ടത്തിലൂടെ സാവകാശം നടന്നു വന്ന് സന്ദർശകമുറിക്കരികിലൂടെ ആരെയും ശ്രദ്ധിക്കാതെ വരാന്തയിലേക്കു കയറുന്ന അവളുടെ നിഴലിൽ ചവിട്ടി കനത്ത മുഖവുമായി മദർ സുപ്പീരിയർ കടന്നു വന്നു .
'സിസ്റ്റർ ഇസബെല്ല ഇത്രനേരം എവിടെയായിരുന്നു?'

അവരുടെ കണ്ണുകളിൽ പതയുന്ന അനേകം കടന്നലുകളുടെ നിഴലാട്ടം വ്യക്തമായിട്ടുകൂടി അവൾ മുഖം കുനിച്ചു പതുക്കെ പറഞ്ഞു.

'ഞാൻ ഈശ്വരനെ കാണാൻ പോയതാണ്.'
'എന്നിട്ടു കണ്ടോ?'

പുച്ഛം തിന്നുന്ന വൃത്തികെട്ട പുഴുക്കളുടെ മുറുമുറുപ്പായിരുന്നു ആ ശബ്ദം നിറയെ. അതിന്നു മുന്നിൽ കാതടച്ച്, സന്ധ്യയിലെ ചരിഞ്ഞു വീഴുന്ന ഇളം വെയിൽ തോട്ടത്തിലെ പൂക്കളുടെ ചുമരിൽ വീഴ്ത്തിയ നിഴലിലേക്ക് കണ്ണയച്ച് അവൾ പതുക്കെ പറഞ്ഞു.

'ഞാൻ കണ്ടു മദർ പക്ഷേ, എന്നെ കണ്ടുകാണില്ല.'

Enjoy this post?

Buy Raghunath Paleri a coffee

More from Raghunath Paleri