അഛനമ്മമാരുടെ വീട്‌

അഛനമ്മമാരുടെ വീട്‌

Apr 12, 2022

1.
അഛനമ്മമാരുടെ വീടിന്നു ചുറ്റും തണൽ പുഷ്പ്പിക്കുന്ന മരങ്ങളാണ്. ഏത് കാലാവസ്ഥയിലും നല്ല പച്ചപ്പ്. ധാരാളം പക്ഷികൾ. അവ കൊത്തിയിടാതെ തനിയെ കൊഴിയുന്ന പലവർണ്ണങ്ങളുള്ള പൂക്കൾ. ചുറ്റും വളർന്ന മരങ്ങളിൽ പ്രണയത്തോടെ ചുറ്റിപ്പടർന്ന പടുവള്ളികൾ പലതും മറ്റു വള്ളികളുടെ കൈ കോർത്ത് അപ്പുറവും ഇപ്പുറവും ചാടി അഛനമ്മമാരുടെ വീടിന്നു മുകളിൽ പച്ചപ്പിന്റെ ഉടയാത്തൊരു മേലാപ്പ് തീർത്തിരുന്നു. ആ മേലാപ്പിന്നു താഴെ നനയാതെ നിൽക്കുന്ന വീട് മരങ്ങളിലേക്ക് ചാടിത്തിമർക്കുന്ന മഴക്കൊരു ഹരമായിരുന്നു. ഏത്ര പെയ്താലും നനയാത്ത വീടിനെ ഒന്നു നനക്കാൻ മഴയുടെ ഉത്സാഹിച്ചുള്ള ധൃതി കാണാൻ പക്ഷികളത്രയും മേലാപ്പിന്നു താഴെ വീടിന്നു മുകളിലേക്ക് തമ്പടിച്ച് പറന്നിറങ്ങും.

മഴയുടെ കാര്യം ഇങ്ങിനെയാണെങ്കിൽ വെയിലിന്റെ കാര്യം അതിലും കഷ്ടമാണ്. എത്ര ഉരുകിയാലും മേലാപ്പിന്നു താഴെ അഛനമ്മമാരുടെ വീടിനകത്ത് അശേഷം ചൂടേൽപ്പിക്കാൻ വെയിലിന്നു കഴിയില്ല. പിറന്നു വീണ് ശാന്തമായി ഉറങ്ങുന്ന കുഞ്ഞിന്റെ സ്വപ്നംപോലെ വീടീന്നകം മുഴുവൻ എന്നും കുളിരാണ്. അഛനമ്മമാർക്ക് ദൈവം സൃഷ്ടിച്ചത് സ്വർഗ്ഗരാജ്യമാണെന്ന് മേലാപ്പിനും വീടിന്നുമിടയിൽ വെയിലേൽക്കാതെയും മഴ നനയാതെയും വിശ്രമിക്കുന്ന പക്ഷികൾ സന്തോഷത്തോടെ അടക്കം പറയുന്നത് ഏത് കാലാവസ്ഥയിലും ആ നാട് മുഴുവൻ കേൾക്കാറുണ്ട്.

വീടിന്നകത്ത് അമ്പത്തൊന്ന് അഛനമ്മമാരെ പക്ഷികൾ ഒരു ദിവസം വട്ടമിട്ടിരുന്ന് എണ്ണിയിരുന്നു. അതിന്നു ശേഷം ഇപ്പോൾ മുന്ന് വേനൽക്കാലം കഴിഞ്ഞു. കൂട്ടത്തിൽ എണ്ണാൻ അറിയാവുന്ന പക്ഷി കഴിഞ്ഞ മഴക്കാലത്ത് വിവാഹം കഴിഞ്ഞ് ഇണയോടൊപ്പം മറ്റൊരു സങ്കേതം തേടിപോയശേഷം ബാക്കിയുള്ളവർക്ക് അഛനമ്മമാരുടെ എണ്ണം എടുക്കാൻ കഴിഞ്ഞിട്ടില്ല. പെണ്ണിന്റെ കൂടെ അടയിരിക്കാൻ പോയ പക്ഷിയോട് ഒരു ദിവസം വന്ന് അഛനമ്മമാരെ എണ്ണിനോക്കാൻ പറഞ്ഞിട്ടും അവനിതുവരെ സമയം കിട്ടിയിട്ടില്ല.

അമ്പത്തൊന്ന് അഛനമ്മമാരല്ലാതെ അവരുടെ മക്കളാരും താഴെ വീടിന്നകത്ത് ഇല്ലെന്ന് പറഞ്ഞു തന്നത് അവനാണ്. അതുകൊണ്ടു തന്നെ അവരുടെ കാര്യങ്ങളെല്ലാം വേണ്ടവിധം ശ്രദ്ധിക്കണമെന്ന ഒരു തീരുമാനത്തിൽ പക്ഷികളെല്ലാം എത്തിച്ചേർന്നിരുന്നു. അഛനമ്മമാർ ഒപ്പം കഴിയുന്ന കാലത്തോളം പെണ്ണുകെട്ടി സ്ഥലം വിടരുതെന്ന് എണ്ണാനറിയുന്ന അവനോട് പറഞ്ഞിരുന്നു. പക്ഷെ പറഞ്ഞത് വെറുതെ. പെണ്ണിനെ കിട്ടിയതും കുറുകി മയങ്ങി കണ്ണും പൂട്ടി അവനങ്ങ് പറന്നു. അതോടെ പക്ഷികളും അഛനമ്മമാരും തികച്ചും ഒറ്റപ്പെട്ടു. താഴെയുള്ള

വൃദ്ധമനസ്സുകളുടെ തണുപ്പോ ചൂടോ അറിയാൻ യാതൊരു വഴിയും ഇല്ലാതെ, വീടിന്നു ചുറ്റും പറന്നു നടക്കാമെന്നല്ലാതെ പക്ഷികൾക്ക് മറ്റൊന്നും കഴിയുന്നില്ല. വരാന്തയിലും മരത്തണലിലും നാമം ജപിച്ചും ജോലിചെയ്തും ഈശ്വരന്റെ കാലടി ശബ്ദം കാത്ത് കഴിയുന്ന അഛനമ്മമാരിൽ ചിലരെങ്കിലും തങ്ങളുടെ തലക്കു മുകളിൽ വട്ടമിട്ട് നടക്കുന്ന പക്ഷികളോട് സംസാരിക്കാറുണ്ട്.

അതിൽ ഒരമ്മ സംസാരിച്ചത് ആരോ പറഞ്ഞു കേട്ട ഭാഷയാണെന്ന് മനസ്സിലായതും പക്ഷികളിലൊരുത്തി മധുരയിൽ നിന്നും തലേ ദിവസം വിരുന്നു വന്ന വിരുന്നുകാരിപ്പക്ഷിയോടൊപ്പം ആ അമ്മ അലക്കി ഉണക്കാൻ പുല്ലിൽ വിരിച്ചിട്ട ചുകന്ന ചേലക്കരികിലേക്ക് പറന്നു ചെന്നു.

പറയെടീ മധുരമീനാക്ഷീ... ആ അമ്മ സംസാരിച്ചത് തമിഴാണെന്ന് നിന്റെ ഇന്നലത്തെ പായ്യാരം പറച്ചിലെല്ലാം കേട്ട എനിക്ക് മനസ്സിലായി. പക്ഷിശാസ്ത്രം പഠിക്കാനായി ഏതോ കാക്കാലൻ സഞ്ചരിക്കുന്ന വഴികളിലെല്ലാം അയാൾക്കു പിറകെ കുറെ മാസമായി പറന്നു നടക്കുകയായിരുന്നു എന്നല്ലെ നീ ഇന്നലെ പറഞ്ഞത്. അത്ര വലിയ ജ്ഞാനം നേടിയെങ്കിൽ ഈ ചേല നോക്കി ആ അമ്മ ആരാണെന്ന് പറ.

മധുരമീനാക്ഷി ആകെ ഒന്നു തുടുത്തു.

കഴുത്തിലെ പഞ്ചവർണ്ണ തൂവലുകളിൽ സൂര്യോദയം പോലെ അഞ്ചുവർണ്ണങ്ങളും വിരിഞ്ഞു നിന്നു. അവൾ ആ ചേലയെ ഭവ്യതയോടെ ഉറ്റുനോക്കി. ചേലയുടെ ചുകപ്പെല്ലാം മങ്ങി, ചുകപ്പിക്കാൻ അടിക്കൂട്ടായി ഉപയോഗിച്ച മറ്റേതോ ചായത്തിന്റെ വൃദ്ധനിറം ചേല മുഴുവൻ ആവേശിച്ചിട്ടുണ്ട്. എന്നാലും ഇഴതെറ്റാതെ കോർത്ത കസവുനാരുകളെല്ലാം ആ അമ്മയുടെ മനസ്സിലെ സ്വപ്നംപോലെ അപ്പോഴും ചേലയിൽ കിടന്നങ്ങിനെ തിളങ്ങുന്നുണ്ട്. കാലത്തിന്നുള്ളിൽ എവിടെയോ ജീവിതം മറന്നുവെച്ച ഒരമ്മയുടെ മണവും സ്‌നേഹവും മധുരമീനാക്ഷി അതിൽ വ്യക്തമായും കാണുന്നുണ്ട്.

നാട്ടുകാരിപ്പക്ഷി ചോദിച്ചു.

ഇതാണോടീ നീ പറയാറുള്ള കാഞ്ചീപുരം സിൽക്ക്...?

മധുരമീനാക്ഷി ചേലക്കു ചുറ്റും ഒരുവട്ടം പറന്നു. അവിടവിടെ മൂക്ക് മുട്ടിച്ചു.

ഇത് ചമ്പകവല്ലി ഗ്രാമത്തിലെ ഒരു നെയ്ത്ത് സംഘത്തിലെ പെണ്ണുങ്ങൾ കൈകൊണ്ട് തുന്നി എടുക്കുന്ന കല്ല്യാണചേലയാണ്. ഈ സിൽക്ക് വളരെ കാലം നിലനിൽക്കും. ഇത്തരം ഒരു സിൽക്ക് കഷ്ണം പ്രതീക്ഷിക്കാതെ കിട്ടിയത് കൊത്തിയെടുത്താണ് ഞാൻ എന്റെ കഴിഞ്ഞ സീസണിലെ കുട്ടികൾക്ക് കൂട്ടിനകത്ത് കിടക്ക വിരിച്ചത്. എന്റെ അറിവിൽ ഈ വിരിച്ചിട്ട ചേലക്ക് ഏതാണ്ട് അമ്പത്തഞ്ച് കൊല്ലം പഴക്കം ഉണ്ടാവും.

എന്നുവെച്ചാൽ...?

*എന്നുവെച്ചാൽ ആ അമ്മയുടെ കല്ല്യാണം കഴിഞ്ഞിട്ട് ഏതാണ്ട് അമ്പത്തഞ്ച് കൊല്ലം കഴിഞ്ഞിട്ടുണ്ടാവും..*

അപ്പോൾ അവരുടെ കുട്ടികളുടെ അഛനോ..

*കല്ലാണം കഴിഞ്ഞ സ്ഥിതിക്ക് അദ്ദേഹവും അമ്പത്തഞ്ച് വർഷമായി അവരോടൊപ്പം കാണണം. എന്നാലും ഈ സാരി നോക്കി ഈ അമ്മയുടെ കുട്ടികളുടെ അഛൻ ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്ന് ഇപ്പോൾ പറയാൻ കഴിയില്ല.*

അത്രയും പറഞ്ഞ് നിശ്ശബ്ദയായ മധുരമീനാക്ഷിയെ നാട്ടുകാരിപ്പക്ഷി പതിയെ കുറുകി തൊട്ടു.
"എന്തുപറ്റി...?"

ഈ ചേല കഴുകി ഇടുന്നതിന്നു മുൻപായിരുന്നു കണ്ടിരുന്നതെങ്കിൽ ഈ കസവുനാരുകളിൽ എവിടെയെങ്കിലും ഈ അമ്മയുടെ കുട്ടികളുടെ അഛന്റെ കൈവിരൽ സ്പർശം ഇന്നലെ വീണിരുന്നോ എന്നറിയാമായിരുന്നു.

"അതെങ്ങിനെ...?!"

വാസനിച്ചു പിടിക്കാം.. ആഫ്രിക്കൻ വിദ്യയാണ്. ഒരു കുടിയേറ്റ കാലത്ത് കോംഗോ കാട്ടിൽ നിന്നും ഞങ്ങളുടെ കൂട്ടിലേക്ക് വിരുന്ന വന്ന പക്ഷി കുടുംബം പഠിപ്പിച്ചു തന്നതാണ്..

മധുരമീനാക്ഷിയുടെ അറിവു കേട്ട് നാട്ടുകാരിപ്പക്ഷി അതിശയിച്ചു. മുട്ടയിട്ട് കുഞ്ഞു വിരിയിച്ച് നെഞ്ചും വിരിച്ച് നടക്കാൻ മാത്രമല്ല ഇവൾക്ക് പലതരം സിൽക്ക് വിവരവും ഉണ്ട്. ഇവളെ കൂട്ടിന് കിട്ടിയത് നന്നായി. ഇവൾ തിരിച്ചു പോകുന്നതിന്നു മുൻപ് അഛനമ്മമാരുടെ കഴിയുന്നത്ര കാര്യങ്ങൾ അറിഞ്ഞുവെക്കണം. എണ്ണാനറിയുന്ന പക്ഷിക്കുട്ടൻ തിരിച്ചു വരുമ്പോൾ അവന്റെ മുഖത്ത് നോക്കി കാര്യം പറയണം. ഞങ്ങളെ അന്ധകാരത്തിലാക്കി പറന്നുപോയ നീ എന്താ കരുതിയത്. സരസ്വതീ കടാക്ഷവുമായി ആരും ഇവിടേക്ക് വരില്ലെന്ന് വിചാരിച്ചോ..

പലതും ചിന്തിച്ച് നാട്ടുകാരിപ്പക്ഷി ചിരിച്ചു.
മധുരമീനാക്ഷി തല ഉയർത്തി.

*എന്താ ഒരു ചിരി..? ആഫ്രിക്കൻ വിദ്യയെക്കുറിച്ച് ഞാൻ പറഞ്ഞത് നിനക്ക് വിശ്വാസം ആയില്ലേ..*

*വിശ്വാസം ആവാഞ്ഞിട്ടല്ല. ഞാൻ ചിരിച്ചത് എന്റെ അറിവില്ലായ്മ്മ ഓർത്താ.. നിനക്കൊരുപാട് കാര്യങ്ങൾ അറിയാടോ..*

അനാവശ്യമായി അവിശ്വസിച്ചതിന്ന് ക്ഷമ ചോദിച്ച് മധുരമീനാക്ഷി അവളെ ഉരുമ്മി.

അറിവുണ്ടാവുന്നത് നല്ല കാര്യമാണ്. അത് ഈ ലോകത്തെക്കുറിച്ചു നമ്മെ പഠിപ്പിക്കും. എന്നാലും ഏത് അറിവിന്റെയും അടിസ്ഥാനം സ്‌നേഹമായിരിക്കണം. സ്‌നേഹം ഇല്ലെങ്കിൽ എത്ര അറിവുണ്ടായാലും ആ അറിവിന് ഐശ്വര്യം ഉണ്ടാവില്ല. താഴെ വീട്ടിലെ അഛനമ്മമാരോടുള്ള നിന്റെ സ്‌നേഹം ആണ് എന്നെ ഈ ചേലയുടെ അടുത്തെത്തിച്ചത്. ഈ ലോകത്തിന് എന്നെക്കാൾ ആവശ്യം നിന്നെയാണ്. നീ ആണ് വലിയവൾ. ഞാനല്ല.

നാട്ടുകാരിപ്പക്ഷിയുടെ കണ്ണു നിറഞ്ഞു. ഈ സംസാരം ഇവളെ എന്നെക്കാൾ പതിന്മടങ്ങ് മഹത്വമുള്ളവളാക്കുന്നുവെന്ന് ഇവൾ അറിയുന്നില്ല. അറിയുന്നുണ്ടെങ്കിൽ തന്നെ അതിൽ അഹങ്കരിക്കുന്നില്ല. ജ്ഞാനത്തിന്റെ ഓരോ പുതിയ വർണ്ണത്തൂവലുകൾ കിളുർക്കുമ്പോഴും ഇവളുടെ മനസ്സിൽ പുഛത്തിന്റെ കളകൾ മുളക്കുന്നില്ല. ഇവൾ എങ്ങിനെയാണ് ഇത്തരം മനസ്സ് ഉരുക്കിയെടുത്തത്. ഇവളുടെ കുഞ്ഞുങ്ങളും അവരുടെ പിതാവും കൂടെ പിറന്നവരും ഇനി പിറക്കാനിരിക്കുന്നവരും എല്ലാം എത്ര ഭാഗ്യവാന്മാരാണ്....

നിന്റെ കണ്ണെന്താണ് നിറയുന്നത്. നീ ആ അമ്മയെക്കുറിച്ചു വല്ലതും ചിന്തിച്ചോ.

മധുരമീനാക്ഷി ചോദിച്ചു.

അമ്മയെക്കുറിച്ചു മാത്രമല്ല പലരെക്കുറിച്ചും ഞാനെന്തൊക്കെയോ ചിന്തിച്ചു.

പെട്ടെന്നൊരു ശബ്ദത്തോടെ പുല്ലിൽ നിന്നും ആ ചേല കാറ്റ് വലിച്ചെടുത്തു. മധുര മീനാക്ഷിയും നാട്ടുകാരിപ്പക്ഷിയും പറന്നുയർന്നു. മുകളിലെ മരക്കൊമ്പിലേക്ക് പറന്നിരുന്ന് താഴേക്ക് നോക്കിയ നാട്ടുകാരിപ്പക്ഷിയാണ് താഴെ ചേല വലിച്ചെടുത്തത് കാറ്റല്ലെന്ന് ആദ്യം തിരിച്ചറിഞ്ഞത്.

ഈശ്വരാ.. ആ സാരി ഉടുക്കുന്ന അമ്മയാണത് ..
മധുരമീനാക്ഷി കൗതുകത്തോടെ ആ അമ്മയെ തല ചരിച്ചു നോക്കി.
ഐശ്വര്യമുള്ള ഒരമ്മ.
നന്നേ മെലിഞ്ഞ ദേഹം.
ആ സാരി ഉടുത്താൽ അതിന്റെ ഭാരം താങ്ങാൻപോലും സാധിക്കാത്ത അവസ്ഥ. ശരീരം നിറയെ ക്ഷീണം ഉണ്ടെങ്കിലും അണയാത്ത വാത്സല്ല്യ വെട്ടം ആ കണ്ണിൽ അപ്പോഴും മിന്നുന്നുണ്ട്. വലിച്ചെടുത്ത സാരി കൈകളിലേക്ക് ചുരുട്ടിയെടുത്ത് മുഖത്തമർത്തിയും വാസനിച്ചും നനവെല്ലാം പൂർണ്ണമായും വിട്ടുപോയോ എന്നു നോക്കുകയാണ് ആ അമ്മ. അവരെ സഹായിക്കാനെന്നവണ്ണം പിറകിലായി മറ്റൊരമ്മയും നടന്നെത്തുകയായി..

*നിന്റെ ചേല ചുട്ടെടുത്ത പപ്പടംപോലെ ആയി. ഇങ്ങനെ വെയിലു കൊള്ളിച്ചാ കസവെല്ലാം നരക്കും..*

ചേല വലിച്ചെടുത്ത അമ്മ തുമ്പപ്പൂപോലെ ചിരിച്ചു.

*എത്ര വെയിലു കൊണ്ടതാ എന്റെ ശാരദാമ്മേ.. ഒന്നു മങ്ങി എന്നല്ലാതെ ഇതുവരെനരച്ചിട്ടില്ല.*

ശാരദാമ്മ ആ സാരി വാങ്ങി ഞരടി. വാസനിച്ചു. ഒന്നായി ചുരുട്ടി കൈയ്യിൽ പിടിച്ച് ഭാരം നോക്കി.
"ഇതെവിടുന്ന് നെയ്തതാടോ...?"

ഞങ്ങൾ ചമ്പകവല്ലിക്കാരുടെ പട്ടല്ലേ ഇത്... ഞാൻ എന്റെ കല്ല്യാണത്തിന് സ്വയം നെയ്‌തെടുത്തതാടോ..

അത് കേട്ടതും നാട്ടുകാരിപ്പക്ഷിയുടെ നെഞ്ച് പിടഞ്ഞു. മധുരമീനാക്ഷി ആകാശത്തേക്ക് മിഴി ഉയർത്തി ഈശ്വരനെ തിരഞ്ഞു. ദൈവമേ.. ഞാൻ പറഞ്ഞതെത്ര ശരി. കാക്കാലന്റെ പിറകെയുള്ള അലച്ചിൽ ഇതാ ഫലം കാണുന്നു. ഞാൻ ചമ്പകവല്ലി ഗ്രാമത്തിലെ പട്ടുസാരിയാണെന്നേ പറഞ്ഞുള്ളു. ഇതാ അത് നെയ്‌തെടുത്ത അമ്മയെ തന്നെ നീ എന്റെ മുന്നിൽ കാണിച്ചു തരുന്നു. ആ പാദമൊന്ന് നീട്ടിത്തരിക. അത് സ്പർശിക്കുന്നിടം ഞാനൊന്ന് നമിക്കട്ടെ. അഭിമാനത്തോടെ നാട്ടുകാരിപ്പക്ഷി മധുരമീനാക്ഷിയുടെ ചുണ്ടിൽ ചുണ്ട് മുട്ടിച്ചു.

*നീ ദിവ്യയാണ്. പട്ടുചേല മാത്രമല്ല ആ അമ്മയും ചമ്പകവല്ലി ഗ്രാമത്തിൽ നിന്നാണ്. അതവർ സ്വന്തം കൈകൊണ്ട് നെയ്ത കല്ല്യാണപ്പട്ടുചേലയാണ്.*

അത്രയും നേരം ആഗ്രഹിച്ച ഈശ്വരപാദമായി സങ്കൽപ്പിച്ച് മധുരമീനാക്ഷി ആ വാക്കുകളെ നമിച്ചു. അരികിലേക്ക് വന്ന അമ്മയുടെ പേര് ശാരദാമ്മയാണെന്ന് മനസ്സിലായി. ഇനി ആ ചേല എടുത്ത അമ്മയുടെ പേരെന്താണെന്ന് പറയാൻ കഴിയോ...?

നാട്ടുകാരിപ്പക്ഷി ആഗ്രഹത്തോടെ ചോദിച്ചു.

എന്തെങ്കിലും ഒരു വിദ്യ നീ പെട്ടെന്ന് കാണിക്ക്. അല്ലെങ്കിൽ ആ അമ്മയുടെ പേര് കേൾക്കാൻ പറ്റില്ല.

മധുരമീനാക്ഷി പറഞ്ഞതും നാട്ടുകാരിപ്പക്ഷി ആ അമ്മയുടെ തലക്കു മുകളിലായി തൊട്ടു തൊട്ടില്ലെന്ന മട്ടിൽ ചിറകടിച്ചു പറന്നിറങ്ങി ഉയർന്നു. പക്ഷിയുടെ പെട്ടെന്നുള്ള വരവ് കണ്ടതും ശാരദാമ്മ അവരെ പിടിച്ചു മാറ്റി.

ഊയ്യെന്റെ ദൈവേ.. അത് കാവേരിയെ കൊത്തീന്നാ ഞാൻ വിചാരിച്ചേ...

നാട്ടുകാരിപ്പക്ഷി തുള്ളിപ്പറന്നു. ആ അമ്മയുടെ പേര് കാവേരി എന്നാണ്!..മധുരമീനാക്ഷിയും ഒപ്പം പറന്നു.

കാവേരി ഒരു ദേവനദിയാണ്. ഞാനും മക്കളും അതിൽ കുളിച്ചിട്ടുണ്ട്.

മുകളിൽ വട്ടമിട്ടു പറക്കുന്ന പക്ഷികളെ കൗതുകത്തോടെ നോക്കി കാവേരിഅമ്മ ശാരദാമ്മയോട് പറഞ്ഞു.

അവള് കൊത്താനൊന്നും വന്നതല്ലാട്ടോ എന്തോ ചോദിക്കാൻ വന്നതാ. അവളെ ഞാനെപ്പോഴും ശ്രദ്ധിക്കാറുണ്ട്. ഏത് നേരവും അവൾടെ നോട്ടം താഴോട്ടാ...

"അത് പെണ്ണാന്നെങ്ങനാ കാവേരിക്ക് മനസ്സിലായേ..?!"

ശാരദാമ്മക്ക് അതിശയം.

അവളുടെ തുടുപ്പ് കണ്ടില്ലേ. മുഖത്തെ രക്തപ്രസാദം കണ്ടില്ലേ. കണ്ണിലെ തിളക്കം കണ്ടില്ലേ. ശരീരത്തിന്റെ വൃത്തി കണ്ടില്ലേ.. ചുരുങ്ങിയത് പതിനാറ് കുട്ടികളെയെങ്കിലും അവൾ ഇതിന്നകം വിരിയിച്ചിട്ടുണ്ടാവും.

പതിനാറായില്ലെന്ന് നാട്ടുകാരിപ്പക്ഷി മധുരമീനാക്ഷിയോട് പറഞ്ഞു.

കാവേരിഅമ്മക്ക് തെറ്റി. ഇതുവരേക്കും പതിനൊന്നു കുഞ്ഞുങ്ങളായി. പന്ത്രണ്ടാവേണ്ടതായിരുന്നു. വിരിയാൻ മൂന്നു ദിവസം ഉള്ളപ്പോൾ കാറ്റടിച്ച് ഒരു മുട്ട താഴെ വീണ് ഉടഞ്ഞു. ആ വിഷമം ഇപ്പോഴും തീർന്നിട്ടില്ല. താഴെ വീണ മുട്ട അഛനമ്മമാർ എടുത്ത് കുറെ ദിവസം ഒരു പുൽക്കൂടുണ്ടാക്കി സൂക്ഷിച്ചിരുന്നു. മുകളിലേക്ക് നോക്കി ചൂളമടിച്ചും കൈമുട്ടിയും മാറി നിന്നും ഒളിഞ്ഞു നോക്കിയും ആ മുട്ടക്ക് അടയിരിക്കാൻ ഞങ്ങളെ വിളിച്ചിരുന്നു. കണ്ടു നിന്ന് കരയാംന്നല്ലാതെ അടയിരുന്നിട്ട് കാര്യമില്ല. നെടുകെയും കുറുകെയും മുട്ട വിണ്ടുകീറിയത് ഞങ്ങൾക്ക് കാണാമായിരുന്നു. അത് വിരിയില്ല. കുഞ്ഞിന്റെ ശ്വാസം ആ വീഴ്ച്ചയിലേ പറന്നകന്നിരുന്നു. പാവം അഛനമ്മമാർക്ക് അതറിയില്ല. അവർക്ക് സ്വന്തം കുഞ്ഞുങ്ങളെക്കുറിച്ചും പക്ഷികളുടെ മുട്ടയെക്കുറിച്ചും ഒന്നും അറിയില്ല. പാവങ്ങളാണ് എല്ലാം.*

"അതെ പാവങ്ങളാണ്..."

അവരുടെ മക്കളെയൊന്നും എന്താ താഴെ കാണാത്തത്...?

നാട്ടുകാരിപ്പക്ഷിയുടെ ദുഃഖം അതായിരുന്നു.

മധുരമീനാക്ഷി ദിവ്യദൃഷ്ടി തുറന്നു.

അവരെല്ലാം മക്കൾ ഉപേക്ഷിച്ച അഛനമ്മമാരാണ്..?

"ഉപേക്ഷിക്ക്യേ..?!"

നാട്ടുകാരിപ്പക്ഷി ഭയന്നു.

*കുഞ്ഞുങ്ങൾ വലുതായാൽ നമ്മളൊക്കെ അവരോട് പുറത്ത് പോയി ഒറ്റക്ക് ജീവിക്കാനല്ലേ പറയാ. എന്നിട്ടും പുറത്തു പോവാത്തവരെ ചെറുതായി കൊത്തി പുറത്തേക്ക് പറത്താറുണ്ട്. എന്നാലും നമ്മൾ അവരെ ഉപേക്ഷിക്കാറോ അവർ നമ്മളെ ഉപേക്ഷിക്കാറോ ഇല്ല. അഛനമ്മമാർ അങ്ങിനെ അല്ലല്ലൊ. അവർ സാധാരണ കുട്ടികളെ വീട്ടിൽ പിടിച്ചു വെക്കാറാണ് പതിവ്. ഓമനിച്ചും ലാളിച്ചും വളർത്തുന്നത് കാണാം. വയസ്സു കാലത്തും ചിലർ മക്കൾക്ക് തീറ്റ തേടി കൊണ്ടുവരുന്നതു കാണാം. പഠിപ്പിക്കുന്നതും പഠിച്ചു വലുതായ മക്കൾക്കായി ജോലി തേടി അലയുന്നതും കാണാം. അവരുടെ കുഞ്ഞുങ്ങൾക്കുവരെ വേലക്കാരായി മാറുന്നത് കാണാം. എന്നിട്ടും ഉപേക്ഷിക്ക്യേ..? മധുരമീനാക്ഷിക്കെന്തു പറ്റി..?*

"ഒന്നും പറ്റിയിട്ടില്ല. മനുഷ്യർ ഇപ്പോൾ അങ്ങിനെയാണ്. അവരിപ്പോൾ എല്ലാം ഉപേക്ഷിക്കയാണ്. അഛനെ. അമ്മയെ. മക്കളെ. രാഷ്ട്രത്തെ. എന്തിന്... സ്വന്തം കാൽച്ചുവട്ടിലെ മണ്ണിനെവരെ.."

മധുരമീനാക്ഷിയുടെ സംസാരം കേട്ടതും നാട്ടുകാരിപ്പക്ഷിക്ക് പറക്കാനുള്ള ഉത്സാഹം മങ്ങി. താഴെ കാവേരി അമ്മയും ശാരദാമ്മയും മുകളിലേക്ക് നോക്കി നിൽക്കുന്നു. പട്ടുചേല ദേഹത്തോട് അമർത്തി ശുഷ്‌ക്കിച്ച കൈ ഉയർത്തി തന്നെ നോക്കി ശാരദാമ്മയോട് എന്തോ പറയുന്ന കാവേരി അമ്മ മടിക്കുത്തിൽ നിന്നും എന്തോ അഴിച്ചെടുക്കുന്നത് നാട്ടുകാരിപ്പക്ഷി കണ്ടു.

"എന്താണത്?.."

അത് കടലമണിയാണ്.

മധുരമീനാക്ഷി പറഞ്ഞു.

ഇന്നലെ സന്ധ്യക്ക് കാവേരിഅമ്മക്ക് കൊറിക്കാൻ ആരോ കൊടുത്തതിൽ ബാക്കി വന്നത് അവർ പുടവത്തലപ്പിൽ കെട്ടിവെച്ചതാണ്.

"ആരാണത് കൊടുത്തത്...?"

നാട്ടുകാരിപ്പക്ഷിക്ക് ഇനി ആ ആളെ കണ്ടുപിടിക്കാതെ സമാധാനമില്ല

മധുരമീനാക്ഷി വഴി പറഞ്ഞു.

ആ കടലമണികളിൽ ചിലത് കിട്ടിയിരുന്നെങ്കിൽ കണ്ടുപിടിക്കാമായിരുന്നു.

"ഞാനൊന്ന് ശ്രമിച്ചു നോക്കട്ടെ...?"

ശ്രമിക്ക്.

നാട്ടുകാരിപ്പക്ഷി സൗഹൃദത്തോടെ കാവേരിഅമ്മയെ സ്വൽപ്പം വിസ്താരത്തിൽ വട്ടം ചുറ്റി പറന്നു. പിന്നെ സുരക്ഷിതമായ ദൂരത്തിറങ്ങി വിശക്കുംപോലെ ശബ്ദിച്ചു. വീണ്ടും കൊത്താൻ വന്നതാണെന്ന ധാരണയിൽ ശാരദാമ്മ അതിനെ ഓടിക്കാൻ കൈ ഉയർത്തിയതും കാവേരിഅമ്മ അവരെ തടഞ്ഞു.

"എന്തിനാ ഓടിക്കണെ. അവളവിടെ ഇരിക്കട്ടെ ശാരദാമ്മേ.."

കാവേരിഅമ്മ നാട്ടുകാരിപ്പക്ഷിയെ കൗതുകത്തോടെ നോക്കി. ചരിച്ചു പിടിച്ചു എത്തിനോക്കും വിധം കണ്ണെറിയുന്ന നാട്ടുകാരിപ്പക്ഷിയുടെ നോട്ടം കയ്യിലെ കടലമണിയിലേക്കാണെന്ന് തിരിച്ചറിഞ്ഞതും കാവേരിഅമ്മ ചിരിച്ചു.

വെറുതെയല്ല പെണ്ണിന്റെ സ്‌നേഹം. ഇവൾക്ക് കടലവേണം!..

അമ്പട കള്ളീ എന്ന് ശാരദാമ്മ പറയുന്നതിന്നു മുൻപെ കാവേരിഅമ്മ ഏതാനുംകടലമണികൾ കണ്ണീർതുള്ളിപോലെ നാട്ടുകാരിപ്പക്ഷിയുടെ കാൽക്കൽ വിതറി. അവ പെട്ടെന്ന് കൊത്തിയെടുക്കാതെ നാട്ടുകാരിപ്പക്ഷി കാവേരിഅമ്മയെ സ്‌നേഹത്തോടെ നോക്കി. പക്ഷി പുഞ്ചിരിക്കുന്നതുപോലെ കാവേരിഅമ്മക്കു തോന്നി. പിന്നെ ഭവ്യതയോടെ തല താഴ്ത്തി മണികളിൽ നല്ലത് നോക്കി ഉടയാതെ കൊത്തിയെടുത്ത് കൊക്കിനുള്ളിൽ വെക്കുന്നത് ശാരദാമ്മ ശ്രദ്ധിച്ചു.

അവള് തിന്നണില്ല കേട്ടോ... കുട്ടികൾക്ക് കൊടുക്കാനാവും..

"എന്നാ പൊട്ടിച്ചു കൊടുക്കായിരുന്നു. ചെറിയ കുട്ടികളാവും. അവർക്ക് ഓരോ മണിയും ഒന്നായി വിഴുങ്ങാൻ സാധിക്ക്യോ എന്തോ.."

കാവേരിഅമ്മയുടെ ശബ്ദത്തിൽ പരിഭ്രമം പടർന്നു. സാരമില്ലെന്ന് നാട്ടുകാരിപ്പക്ഷി മനസ്സിൽ പറഞ്ഞത് രണ്ടമ്മമാരും കേട്ടില്ല. കൊക്കിൽ കൊള്ളിക്കാവുന്നിടത്തോളം പെറുക്കി നാട്ടുകാരിപ്പക്ഷി മുകളിലേക്ക് പറക്കുന്നത് കാവേരിഅമ്മ ആനന്ദത്തോടെ കണ്ടു.

*അവള് പൊട്ടിച്ചു കൊടുക്കായിരിക്കും. അല്ലേ ശാരദാമ്മേ..? നല്ല മൂർച്ചയുള്ള ചുണ്ടല്ലേ അവളുടേത്.*

പക്ഷി പറന്നുപോയിട്ടും നിലത്ത് ശേഷിച്ച മണികൾ കാവേരിഅമ്മ പെറുക്കി കയ്യിൽ ഉള്ള മറ്റു കടലമണികളുടെകൂടെ ഇട്ട് മടിക്കുത്തിൽ തന്നെ കെട്ടിയിട്ടു.

*ഇനി ഇത് ഞാൻ കഴിക്കണില്ല. പക്ഷികൾക്ക് തന്നെ പൊട്ടിച്ചു കൊടുക്കാം. മക്കളുടെ മക്കൾക്ക് ഇത്തിരി വെണ്ണ വായിൽ വെച്ചു കൊടുക്കാൻ കുറെ കാലായി മോഹിക്കുന്നു. അത് ഇപ്പഴാ സാധിച്ചേ. വെണ്ണക്ക് പകരം കടലമണി. കുട്ടികള് ഇനിയും വരും.*

കാവേരിഅമ്മയുടെ ശബ്ദത്തിലെ നനവ് ശാരദാമ്മയുടെ കണ്ണിൽ അമൃതായി നിറഞ്ഞു. അടുത്ത മഴക്ക് പെയ്തിറക്കാനുള്ള സംഭരണിയിൽ സൂക്ഷിക്കാനായി ദേഹം ചുറ്റിപ്പറന്ന ചുടുകാറ്റ് അതത്രയും അപ്പോൾ തന്നെ ഒപ്പിയെടുത്ത് ആകാശത്ത് അപ്രത്യക്ഷനായി.

{തുടരും}

¿Te gusta esta publicación?

Comprar Raghunath Paleri un café

More from Raghunath Paleri